ഓരോ എഴുത്തുകാരനും തനിക്ക് ചുറ്റും വീണുകിട്ടുന്ന പ്രമേയങ്ങളും മറ്റുള്ളവരോട് സംവദിക്കുന്ന ഭാഷയും വെല്ലുവിളിയോടെ സ്വീകരിച്ചാണ് എഴുത്ത് പൂര്‍ത്തിയാക്കുന്നതെന്ന് മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായര്‍. മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ ആറാമത് സംസ്ഥാന സാഹിത്യ ശില്പശാല തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ രചനയും വെല്ലുവിളിയാണ്. അത് പ്രമേയപരമായും ഭാഷാപരമായും. അത്തരത്തിലുള്ള ഓരോ പരീക്ഷങ്ങളിലൂടെയാണ് എഴുത്തുകാരന്‍ സഞ്ചരികുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷയ്ക്ക് മരണം സംഭവിച്ചിട്ടില്ല. ഓരോ പുസ്തകമേള കഴിയുമ്പോഴും പുസ്തകങ്ങളുടെ വില്പന കൂടുന്നതു ഇതിനു തെളിവാണ്.
സ്റ്റഡിസര്‍ക്കിള്‍ പോലുള്ള സാഹിത്യശില്പശാലകള്‍ എഴുത്തുകാരെ ഉണ്ടാക്കുകയെന്നതല്ല, മറിച്ച് അതിലൂടെ രൂപപ്പെടുന്ന സാഹിത്യസൗഹൃദങ്ങളാണ് സ്റ്റഡിസര്‍ക്കിള്‍കൊണ്ടുള്ള നേട്ടങ്ങളെന്നും തനിക്കറിയുന്നത് പങ്കുവെക്കാനും മറ്റുള്ളവരുടെ അറിവ് പകര്‍ന്നെടുക്കാനും ക്യാമ്പുകള്‍ സാഹചര്യമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ആരും എഴുത്തുകാരനായി ജനിക്കുന്നില്ലെന്നും സ്റ്റഡിസര്‍ക്കിള്‍പോലുള്ള ക്യാമ്പുകളിലെ സാഹിത്യ സ്പര്‍ശമാണ് എഴുത്ത് വളര്‍ത്തുന്നതെന്നും അധ്യക്ഷതവഹിച്ച മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ പറഞ്ഞു. ക്യാമ്പ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രന്‍, അഭിനേതാവും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ എന്നിവര്‍ സംസാരിച്ചു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ സമാപനദിവസം അക്കിത്തം അച്യുതന്‍നമ്പൂതിരി മുഖ്യാതിഥിയായി എത്തും.
Post Your Comments