ലോകപ്രശസ്ത കാർട്ടൂർ കഥാപാത്രമാണ് മിക്കിമൗസ്. വാൾട്ട് ഡിസ്നിയാണ് ഇതിന്റെ ഉപജ്ഞാതാവ്. സ്റ്റീംബോട്ട് വില്ലി പുറത്തിറങ്ങിയ ദിവസമായ നവംബർ 18, 1928 ആണ് ഡിസ്നി കമ്പനി ഈ കഥാപാത്രത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നത്. ആദ്യകാലങ്ങളിൽ മിക്കിക്ക് ശബ്ദം നൽകിയിരുന്നത് വാൾട്ട് ഡിസ്നി തന്നെയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ പെട്ടെന്ന് തിരിച്ചറിയപ്പെടുന്ന ഒരു കഥാപാത്രമായി മിക്കി മൗസ് മാറി. മിന്റ്സ് കമ്പനിക്ക് വേണ്ടി വാൾട്ട് ഡിസ്നി ‘ഓസ്വാൾഡ്’ എന്നൊരു മുയലിനെ കഥാപാത്രമാക്കിയുള്ള ആനിമേഷൻ നിർമിച്ചു നൽകിയിരുന്നു. പ്രതിഫലം കൂട്ടിചോദിച്ചപ്പോൾ കൊടുക്കാത്തതിനെത്തുടർന്ന് ‘ഓസ്വാൾഡ്’ ചെയ്യുന്നത് ഡിസ്നി നിർത്തി. സ്വന്തമായി ഒരു കാർട്ടൂൺ രൂപം നിർമിച്ച് ഫിലിമാക്കാനുള്ള ആലോചനയിലായി.
വാൾട്ട് ഡിസ്നിയുടെ പ്രചോദനത്താൽ ഉബ് ഐവർക്ക്സ് ആണ് മിക്കിമൗസിന് രൂപം നൽകിയത്. മിക്കിയെ വരക്കുന്നതിന് മുമ്പ് പട്ടി, പൂച്ച പശു, കുതിരഎന്നിവയെ വരച്ചിട്ടും ഡിസ്നിക്ക് തൃപ്തി വന്നില്ല. പണ്ട് തനിക്ക് പ്രിയപ്പെട്ട ഒരെലി വയലിൽ ഉണ്ടായിരുന്നത് ഡിസ്നി ഓർത്തു. അങ്ങനെ മിക്കി എലിയുടെ രൂപത്തിലായി. മോർടിമർ മൗസ് എന്നായിരുന്നു ആദ്യം നൽകിയ പേര്. പിന്നീട് ഡിസ്നിയുടെ ഭാര്യയായ ലില്ലിയൻ പേര് മാറ്റണമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ മിക്കിമൗസ് ജനിച്ചു.
മനുഷ്യസ്വഭാവമുള്ള ഈ എലി അനിമേറ്റഡ് കാർട്ടൂണുകളിലേയും കോമിക് സ്ട്രിപ്പുകളിലേയും ഒരു കഥാപാത്രം എന്നതിൽനിന്ന് ലോകത്തിലെ ഏറ്റവും പരിചിതമായ ചിഹ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. വാൾട്ട് ഡിസ്നിയുടെ വാക്കുകൾ ഇങ്ങനെ : “ആകർഷകമായ ഒരു ജീവി വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. മിക്കി മൗസിന്റെ കളികൾ കണ്ട് ആളുകൾ ചിരിക്കാൻ കാരണം അവൻ മനുഷ്യനെപ്പോലെ പെരുമാറുന്നതുകൊണ്ടാണ്. അതാണവന്റെ പ്രശസ്തിയുടെ രഹസ്യവും.” മിക്കിമൗസിനോടൊപ്പം ഗേൾഫ്രണ്ടായ മിന്നിമൗസും ചേർന്ന് അനിമേഷൻ കാർട്ടൂണുകളിലൂടെ ആളുകളെ രസിപ്പിച്ചുതുടങ്ങി. 1930-ൽ കാർട്ടൂണുകളിൽ വന്ന മിന്നിയുടെ മുഴുവൻ പേര് മിനർവ മൗസ് എന്നാണ്. മിസ്റ്റർ സ്ലിക്കർ ആൻഡ് ദ എഗ് റോബേഴ്സ് എന്ന കാർട്ടൂണിലൂടെ വന്ന മിന്നിയുടെ അച്ഛന്റെ പേര് മാർക്കസ് മൗസ് എന്നാണ്. മിക്കിയാണ് ഹോളിവുഡിൽ പ്രസിദ്ധി നേടിയ ആദ്യ കാർട്ടൂൺ താരം. 1930 വരെ ഐവർക്ക്സ് തന്നെയാണ് മിക്കിയെ വരച്ചത്. അനവധി കോമിക് മാഗസിനുകളിലും മിക്കി സ്ഥാനം പിടിച്ചു.
ഇനിമുതൽ നാണയങ്ങളിലും മിക്കി മൗസ്
നാണയത്തിന്റെ കാര്യത്തിൽ പ്രസിദ്ധിയാർജിച്ച ദക്ഷിണ പസഫിക്കിലെ നിയു എന്ന കുഞ്ഞൻ ദ്വീപുരാഷ്ട്രത്തിലെ നാണയങ്ങളിൽ പതിക്കുന്നത് കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമാണ്. മിക്കി മൗസ്, പോക്കിമോൺ, സിഡ്നി പ്രിൻസസുമൊക്കെയാണ് ഇവിടത്തെ നാണയങ്ങളിൽ നമുക്ക് കാണാനാവുക.
2014ൽ 7.1 ഗ്രാം സ്വർണ്ണത്തില്‍ നിർമ്മിച്ച സ്പെഷ്യൽ കാർട്ടൂൺ നാണയങ്ങളും ഇവിടെ ഇറങ്ങിയിരുന്നു. 25 നിയു ഡോളർ മൂല്യമുള്ള ഈ നാണയങ്ങൾക്ക് പക്ഷേ 625 ഡോളറായിരുന്നു വില.
മിക്കിയും മിന്നിയും കോമിക്-ടെലിവിഷൻ- സിനിമ കാർട്ടൂണുകളിൽ തിളങ്ങുമ്പോഴും മിക്കിയുടെയും മിന്നിയുടെയും ബന്ധുക്കളെയും ഡിസ്നി കാർട്ടൂൺ ലോകത്തിലേയ്ക്ക് ഇറക്കിയിരുന്നു. മനുഷ്യരുടേതിന് സമാനമായ എല്ലാ ഭാവങ്ങളും കാട്ടിയിരുന്ന കുഞ്ഞനെലികൾക്ക് ബന്ധുക്കൾ, ശത്രുക്കൾ, വളർത്തുമൃഗങ്ങൾ, ഇഷ്ടവിനോദങ്ങൾ, ഭക്ഷണങ്ങൾ, ഇഷ്ടമില്ലാത്തവ തുടങ്ങി ഒട്ടേറെ സവിശേഷതകളും ഡിസ്നി സമ്മാനിച്ചിരുന്നു. അനിമേഷൻ ചിത്രങ്ങളിൽ വരെ എത്തിനിൽക്കുന്ന മിക്കിയുടെ ലോകം ഇന്ന് വീഡിയോ ഗെയിം വരെ എത്തിനിൽക്കുന്നു.
Post Your Comments