മലയാളത്തില്‍ ഇപ്പോള്‍ എഴുത്തുകള്‍ ജനകീയമാകുന്നില്ലെന്നും എല്ലാ വിഭാഗം ആളുകളും വായനയില്‍ തല്പരരല്ലാത്തുകൊണ്ടാണ് ഇന്ന് എഴുത്തുകാര്‍ ജനകീയരല്ലാതെ പോകുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില് മയ്യഴിയുടെ കഥാകാരന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ഇപ്പോള്‍ മലയാളത്തില്‍ ഇറങ്ങുന്ന സാഹൃത്യസൃഷ്ടികള്‍ ജനകീയമല്ലാതാകുന്നു. പണ്ട് ഒന്നോ രണ്ടോ വലിയ എഴുത്തുകാരും വലിയൊരു വിഭാഗം വായനക്കാരും ഉണ്ടായിരുന്ന സ്ഥിതി ഇന്ന് മാറി. പകരം അവിടെ വലിയ വിഭാഗം എഴുത്തുകാരും ചെറിയ വിഭാഗം വായനക്കാരുമാണുള്ളത്. ബഷീറിനെ പോലുള്ള വലിയ കഥാകാരന്മാര് ഇനി ഉണ്ടാകില്ല. പകരം ഇനിയുള്ള കാലത്ത് നിരവധി ചെറിയ എഴുത്തുകാര്‍ ഉണ്ടാകും. എന്നാല്‍ ബെന്യാമിനെ പോലുള്ളവര്‍ ശക്തമായ വരവറിയിച്ചവരാണ്.
ഫാസിസത്തിനെതിരായ നിലപാടുകള്‍ കൂടുതല് ശക്തിപ്പെടണമെന്നും ഫാസിസത്തിനെതിരായ തന്റെ നിലപാടുകള് ശരിയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന് ഏറ്റവും വലിയ പ്രതിരോധം തീര്‍ക്കുന്നത് കേരളമാണ്. കല്‍ബുര്‍ഗിയും ബന്‍സാരയും കൊലചെയ്യപ്പെട്ടപ്പോള്‍ കേരളത്തിലെ കൊച്ചുഗ്രാമങ്ങളില്‍പോലും പ്രതിഷേധമുയര്‍ന്നു. കേരളം ഇന്ത്യയില്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യം എത്രയോ നേരത്തെ ഫാഷിസത്തിന് കീഴിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തില്‍ എഴുത്തുകാര്‍ ആദരിക്കപ്പെടുന്നില്ല എന്ന തോന്നല്‍ വരുന്നത് അത് ആവശ്യമില്ല. സിനിമക്ക് ഒരു മാസ്മരികതയുണ്ട്. അത് എഴുത്തില്‍ പ്രതീക്ഷിക്കരുത്. എഴുത്തുകാര്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന സ്ഥലമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ അച്ചടി സാഹിത്യത്തിന് ഭീഷണിയല്ലെന്നും അച്ചടിച്ചുവന്ന കഥകളും നോവലുകളുമാണ് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും തോന്നിയത് എഴുതാം. തിരുത്താന്‍ ആളില്ല. ആള്‍ക്കൂട്ടത്തിന്‍െറ വേദിയാണത്. അവിടെ എഡിറ്റിങ് ഇല്ല. അതുകൊണ്ട് തന്നെ തനിക്ക് അതില്‍ പ്രതീക്ഷയില്ല എന്നും അദ്ദേഹം പറഞ്ഞു. കുട നന്നാക്കുന്ന ചോയി എന്ന നോവലിന്‍െറ രണ്ടാം ഭാഗം എഴുതണമെന്നുണ്ട്. എന്നാല്‍ എഴുത്തിലെ ഏറ്റവും വലിയ പ്രശ്നം ആദ്യത്തെ വാചകം എഴുതുക എന്നതാണെന്നും മുകുന്ദന്‍ പറഞ്ഞു.
Post Your Comments