bookreview

വിവാദങ്ങള്‍ വേവിച്ച ബിരിയാണി

 

വിവാദങ്ങള്‍ വേവിച്ച  ബിരിയാണി

സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വിവാദങ്ങള്‍ക്കു തിരികൊളുത്തുകയും ചെയ്ത കഥ  ബിരിയാണി ഡി സി ബുക്സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്‍റെ പുതിയ കഥയാണ് ബിരിയാണി.

നാഗരികതയുടെ ആസുരതകളെയും സാമൂഹ്യ യാഥാർഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെത്. കൊമാല, പന്തിഭോജനം, ശ്വാസം തുടങ്ങി നിരവധി കഥകള്‍ ശ്രദ്ധിച്ചാല്‍ മലയാളകഥയുടെ പാരമ്പര്യവഴികളുടെ തുടര്‍ച്ചയിലും പ്രതിബദ്ധതയിലും ഊന്നിയുള്ള എഴുത്താണ് ഈ കഥാകാരന്റെ പ്രത്യേകത എന്ന് കാണാം.

വടക്കെ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണധൂര്‍ത്തും വിശന്നുമരിച്ച മകളെക്കുറിച്ച് ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ ദുഃഖവുമാണ് ബിരിയാണിയുടെ പ്രതിപാദ്യം. മലയാളിയുടെ കപട സദാചാരത്തിനു എതിരെ ഉയര്‍ന്നു വരുന്ന പരിഹാസമാണ് ഈ കഥ. സാമൂഹിക മാദ്ധ്യമങ്ങളില്‍ സജീവ ചര്‍ച്ച ഉണ്ടായപ്പോള്‍  അതിലുയര്‍ന്നുവന്ന ഒരാരോപണം, ഈ രചന മുസ്ലിം വിരുദ്ധമാണെന്നതായിരുന്നു.

ഇതിനു മറുപടിയുമായി കഥാകൃത്തു രംഗത്ത് വന്നു. കേരളത്തിന്‍റെ വടക്ക്, പ്രത്യേകിച്ച് കാസര്‍ഗോട്ടെ തന്റെ പരിചയമുള്ള ഇടങ്ങളില്‍ കണ്ടിട്ടുള്ള ഹിന്ദു-മുസ്ലിം വിവാഹങ്ങളിലെ ഭക്ഷണധൂര്‍ത്ത് ഒരു യാഥാര്‍ത്ഥ്യമാണെും ഇതിന്റെയൊക്കെ പൊള്ളത്തരം പൊതു സമൂഹത്തിനു മുമ്പില്‍ തുറന്നുകാട്ടപ്പെടണം എന്നുതന്നെയാണ് താന്‍ ഈ കഥവഴി ലക്ഷ്യം വെച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് ഒരു മതത്തെ മാത്രം കുറിക്കാന്‍ എഴുതിയത് അല്ല. കഥയുടെ രചനയില്‍ ചില കഥാപാത്രങ്ങളുടെ പേര് മുസ്ലീം നാമം ആയി എന്ന് മാത്രം.

സന്തോഷ് ഏച്ചിക്കാനത്തിന്റെ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ഏഴു കഥകള്‍ ഉള്‍പ്പെടുന്ന ബിരിയാണി എന്ന കഥാസമാഹാരം പുറത്തിറക്കിയിരിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറാമിന്റെ ഭോപ്പാല്‍ ദുരന്തചിത്രങ്ങളിലൊന്നിനെ അനുസ്മരിപ്പിക്കുന്ന കവര്‍ പുസ്തകത്തിനെ ശ്രദ്ധേയമാക്കുന്നു.

നിദ്ര, ബാച്ചിലര്‍ പാര്‍ട്ടി, അന്നയും റസൂലും എന്നീ ചിത്രങ്ങളുടെ തിരക്കഥാ കൃത്തുകൂടിയായ സന്തോഷ് ഏച്ചിക്കാനത്തിന്റെ മറ്റു പുസ്തകങ്ങള്‍  ഒറ്റവാതില്‍, ശ്വാസം, കൊമാല, നരനായും പറവയായും തുടങ്ങിയവയാണ്.

 

shortlink

Post Your Comments

Related Articles


Back to top button