ആലാപന ശൈലിയിലെ പ്രത്യേകതയും ഭാഷാപാണ്ഡിത്യവും കൊണ്ട് കര്‍ണാടക സംഗീതമേഖലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിത താളത്തെക്കുറിച്ചുള്ള പുസ്തകമാണ് ചിട്ടസ്വരങ്ങള്‍. എഴുത്തുകാരനും ചിത്രകാരനുമായ കൃഷ്ണമൂര്‍ത്തി യാണ് ചിട്ടസ്വരങ്ങള്‍ എഴുതിയിരിക്കുന്നത്.
സംഗീതപ്രേമികള്‍ക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ചിട്ടസ്വരങ്ങള്‍. വാസുദേവന്റെ സംഗീത വികാസത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനിടയ്ക്ക് മഹാപ്രതിഭകളായിരുന്ന പല സംഗീത കുലപതികളുടെയും ജീവിത ദൃശ്യങ്ങള്‍ കൃഷ്ണമൂര്‍ത്തി ആവിഷ്കരിക്കുന്നു.
എന്നാല്‍ ആചാരോപചാരങ്ങള് പാലിച്ചുകൊണ്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല കൃഷ്ണമൂര്‍ത്തി എഴുതിയിരിക്കുന്നത് മറിച്ച് സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കൃഷ്ണമൂര്‍ത്തി ലയിച്ചുകൊണ്ടുതന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണെന്നും എം.ടി.വാസുദേവന്‍ നായര്‍ വിലയിരുത്തുന്നു.
കൃഷ്ണമൂര്‍ത്തിയിലെ കഥാകാരന്റെയും ചിത്രകാരന്റെയും കൈവഴക്കമാണ് ചിട്ടസ്വരങ്ങളെ സംഗീത രസികര്‍ക്ക് മാത്രമുള്ള രചനയായി പരിമിതപ്പെടുത്താതെ എല്ലാവര്ക്കും രസനീയമായ വായനാനുഭവമാക്കുന്നതെന്ന് കഥാകൃത്ത് അയ്മനം ജോണ്‍ അഭിപ്രായപ്പെടുന്നു. വാസുദേവന്റെ ജീവിതാനുഭവങ്ങള്‍ക്കും ജീവിതസംബന്ധിയായ വസ്തുതകള്ക്കുമെല്ലാം ഒരേപോലുള്ള കഥാഭാഷ നല്‍കിക്കൊണ്ടാണ് രചനയെന്ന് അദ്ദേഹം പറയുന്നു.
കര്‍ണ്ണാനന്ദകരമായ സ്വരവും ആലാപന ശൈലിയിലെ പ്രത്യേകതയും ഭാഷാപാണ്ഡിത്യവും കൊണ്ട് കര്‍ണാടക സംഗീതമേഖലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നെയ്യാറ്റിന്‍കര വാസുദേവന്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി സംഗീത കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായും, ആകാശവാണിയില്‍ ‘എ’ ഗ്രേഡ് ആര്‍ട്ടിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വാതി തിരുനാള്‍ കൃതികള്‍ക്ക് ഏറെ പ്രചാരം നല്കിയ ഇദ്ദേഹത്തെ 2006ല്‍ സ്വാതി പുരസ്കാരം നല്കി ആദരിച്ചു. 2004ല്‍ രാഷ്ട്രം പദ്മശ്രീ നല്കി ആദരിച്ച നെയ്യാറ്റിന്‍കര വാസുദേവന്‍, 2008 മെയ് 13നു അന്തരിച്ചു.
Post Your Comments