bookreviewliteratureworldnews

കേരളത്തിന്‍റെ സാസ്കാരിക തനിമയുമയി വടക്കന്‍ ഐതിഹ്യമാല

പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും ഐതിഹ്യങ്ങളും കൊണ്ടു സമ്പുഷ്ടമാണ് നമ്മുടെ സംസ്‌കാരം. തലമുറകളായി പകര്‍ന്നു വന്ന ഈ കഥകളും പാട്ടുകളും നമ്മുടെ സാഹിത്യത്തിനു ലോക ശ്രദ്ധ നേടികൊടുക്കുന്നതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കോലത്തിരിമാരുടെയും സാമൂതിരിമാരുടെയും പടയോട്ടങ്ങളും ചേകവന്മാരുടെ പോരാട്ടവീര്യവും ദേവന്മാരുടെയും ദേവതകളുടെയും ഐതിഹ്യങ്ങളും വടക്കന്‍ പാട്ടുകളുമൊക്കെ മലയാള സാഹിത്യത്തിനു ചിരപ്രതിഷ്ഠ നല്‍കുന്നവയാണ്.

വടക്കന്‍ കേരളത്തിലെ ഐതിഹ്യകഥകളുടെ സമാഹാരമാണ് അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര്‍ തയാറാക്കിയ വടക്കന്‍ ഐതിഹ്യമാല. കോലത്തുനാടിന്റെ സംസ്‌കാരവും കടത്തനാടിന്റെ വടക്കന്‍പാട്ടുകളും ചേരിപ്പോരുകളുടെയും പോരാട്ടങ്ങളുടെയും അള്ളട സ്വരൂപവും ഉള്‍ക്കൊണ്ട് പ്രദേശത്ത് തലമുറകളായി പ്രചരിച്ചുവന്ന മിത്തുകളും ഐതിഹ്യങ്ങളും ക്രോഡീകരിച്ചു തറാറാക്കിയ ബൃഹദ് സമാഹാരമാണിത്. വടക്കന്‍ ഐതിഹ്യമാലയില്‍ നിന്നും തിരഞ്ഞെടുത്ത കഥകളുടെ ഇംഗ്ലീഷ് പരിഭാഷ ലോര്‍ ആന്റ് ലെജന്റ്‌സ് ഒഫ് നോര്‍ത്ത് മലബാര്‍ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. അശ്വിന്‍ കുമാര്‍ ആണ് ഈ കഥകള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

വാമൊഴിയായി പ്രചരിച്ചിരുന്ന കഥകളും ഐതിഹ്യങ്ങളും മിത്തുകളും ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരിക പാരമ്പര്യം കൂടിയാണ് ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. ചരിത്രവും പുരാവൃത്തവും ഇഴപിരിഞ്ഞു കിടക്കുന്നതാണ് ലോര്‍ ആന്റ് ലെജന്റ്‌സ് ഒഫ് നോര്‍ത്ത് മലബാര്‍ എന്ന വടക്കന്‍ ഐതിഹ്യമാലയിലെ കഥകള്‍. നാട്ടുരാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ഐതിഹ്യകഥകള്‍ മാത്രമല്ല ഈ ഗ്രന്ഥത്തിലുള്ളത്. വടക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ആചാരനുഷ്ഠാനങ്ങളും സാമൂഹ്യബന്ധങ്ങളും ജീവിതശൈലിയുമെല്ലാം മനസ്സിലാക്കി തരുന്ന കഥകളും ഈ ഗ്രന്ഥത്തിലുണ്ട്. സംസ്‌കാരിക കേരളത്തെയും നമുക്കിടയില്‍ നിലനിന്നിരുന്ന സാമൂഹിക-സാമ്പത്തിക-ഉദ്പാദന ബന്ധങ്ങളെയും മനസ്സിലാക്കാന്‍ ഇവ പുതുതലമുറയ്ക്ക് സഹായകമാകും.

പറശ്ശിനിക്കടവ് മുത്തപ്പന്‍, അറയ്ക്കല്‍ ബീവി, മുച്ചിലോട്ട് ഭഗവതി, തച്ചോളി ഒതേനന്‍, കതിവന്നൂര്‍ വീരന്‍, തലയ്ക്കല്‍ ചന്തു, അവരത്തമ്പുരാന്‍, കൂടാളി വീരന്‍, തലശ്ശേരിയിലെ കേയിമാര്‍, മുരിക്കഞ്ചേരി കേളു തുടങ്ങി ദേവീദേവന്മാരും വില്ലാളിവീരന്മാരും സാധാരണ മനുഷ്യരും ഒക്കെ അണിനിരക്കുന്ന അത്ഭുതകഥകളാണ് പുസ്തകത്തില്‍ അണിനിരക്കുന്നത്. നാടോടി വിജ്ഞാനീയത്തില്‍ മായം ചേര്‍ക്കാതെ അവതരിപ്പിച്ചിരിക്കുന്നതുകൊണ്ട് വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികവേദിയിലെ നീക്കിയിരുപ്പുകളെന്ന നിലയില്‍ ഇവയ്ക്ക് പ്രസക്തിയേറുന്നു.

ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയക്കും മതവാദചിന്തകള്‍ക്കും അടിമപ്പെട്ടു പോകുന്ന സമൂഹത്തിനു മുന്നില്‍ മതമൈത്രിയുടെയും സഹവര്‍ത്വത്തിന്റെയും ഉദാഹരണങ്ങളായും ഈ കഥകള്‍ മാറുന്നു. വടക്കന്‍ ഐതിഹ്യമാലയുടെ ഇംഗീഷ് പതിപ്പില്‍ തിരഞ്ഞെടുത്ത കഥകള്‍ക്കൊപ്പം ലോക പ്രശസ്ത സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും പ്രസിദ്ധമായ ഗ്രന്ഥങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത സംഭവകഥകളും അനുഭവക്കുറിപ്പുകളും അശ്വിന്‍ കുമാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഇംഗ്ലീഷ് പരിഭാഷയെ വ്യത്യസ്തമാക്കി മാറ്റുന്നു.

വിശിഷ്ടാധ്യാപകനുള്ള രാഷ്ട്രപതിയുടെ ബഹുമതി ലഭിച്ചിട്ടുള്ള വാണിദാസ് എളയാവൂരിന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍, എന്‍.സി.ഇ.ആര്‍.ടി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി സദ്ഭാവനാ പുരസ്‌കാരം, ബോംബേ കേരളസമാജം സാഹിത്യ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുള്ള അദ്ദേഹം പ്രവാചക കഥകള്‍, പ്രസംഗം ഒരു കല തുടങ്ങിയവയടക്കം ഇരുപതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button