Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldpoetry

കണ്ണില്ലാതെ മരിച്ച കുട്ടി

കവിത / സബ്ജു ഗംഗാധരന്‍ 
പറങ്കിമാം തോപ്പിൽ
മുട്ടോളം ഉയരമുള്ള നാരകത്തിന്റെ ചോട്ടിൽ
അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്
കണ്ണില്ലാതെ മരിച്ച കുട്ടിയാണ്.

മരിക്കുമ്പോൾ അവളുടെ മുഖം
വരണ്ടു പൊട്ടിയിരുന്നു .

പൊട്ടൽക്കീറിലൂടെ
ചുടുരേണുക്കൾ മുളച്ചുപൊന്തി
നാരകം പൂവിടുമ്പോൾ
‘അമ്മ
അടുപ്പെരിയുന്ന പുകകൊണ്ട് കരയുന്നു.

വരണ്ട കുട്ടി

ചാണകത്തിണ്ണയിൽ വെയിൽ പരക്കുമ്പോൾ
ചെമ്പരത്തിച്ചോട്ടിൽ
കൊത്തങ്കല്ലുരുട്ടുന്ന അവൾ
ആകാശം നോക്കി നെറ്റി ചുളിക്കുന്നു

ദൂരത്തുമാറി നിൽക്കുന്ന
വെയിലവളെ തൊടാനായുന്നു…

കാറ്റുവീശുന്ന പുകലപ്പടത്തിനപ്പുറം
ഉയരത്തിൽ നിന്ന് വീണലയ്ക്കുന്ന –
നദിവരെ അകലമിട്ട
മൺവഴിയാണ്
പോയകാലത്തിന്റെ
വരമ്പുകളുടെ
അറ്റം

പണ്ടൊരിക്കൽ

കല്ലുറപ്പുള്ള മണ്ണിന്റെ മണം പേറി
ഒരു കാറ്റ്
അവളെത്തേടി വരുന്നു

മുത്തോളം തിളക്കമുള്ള
അവളുടെ കൊത്തംകല്ലുകളിളകുന്നു

വരണ്ട മുടികൊരുത്ത
തൊങ്ങലുകളിൽ
കാറ്റുപിടിക്കുന്നു

നാരകപ്പടർപ്പിന്റെ
ചില്ലമേൽ
നദിയവളെ തൊടുമ്പോൾ

വരണ്ട കുട്ടി ചിരിക്കുന്നു.

shortlink

Post Your Comments

Related Articles


Back to top button