കേരളത്തിലെ കത്തോലിക്കാ സന്ന്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കും അഴിമതിയ്ക്കും എതിരെ കലാപക്കൊടി ഉയര്‍ത്തിയ സന്ന്യാസിനിയായ സിസ്റ്റര്‍ ജെസ്മി ഫ്രാന്‍സിസ് പാപ്പയുടേത് യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനമാണെന്നും ഇന്ന് നിലവിലുള്ള യാഥാസ്ഥിതിക രീതികളില്‍നിന്നും അവ വിപ്ലവാത്മകമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു. മനുഷ്യ സ്‌നേഹിയും വിപ്ലവകാരിയുമായ യേശു വിഭാവന ചെയ്ത മൂല്യങ്ങളാണ് പാപ്പയിലൂടെ അവതരിയ്ക്കുന്നത്. ഇന്ന് മാമോനെ സമ്പത്ത് ദൈവമായി പ്രതിഷ്ഠിച്ചിരിക്കുന്ന കത്തോലിക്കാസഭയില്‍ നിന്ന് ക്രിസ്തു ഇറങ്ങിപ്പോയിരിക്കുന്നുവെന്നും അവര്‍ പറയുന്നു. മാമോന്‍ അന്യായമായി സമ്പാദിക്കുന്ന ധനത്തിന്റെ ദേവതയാണ്. മാമോന്‍ സേവ മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്ന തിന്മയായിട്ടാണ് യേശു കരുതിയിരുന്നത്. എന്നാല്‍ സംഘടിത ക്രൈസ്തവ സഭകള്‍ ഒരു വശത്ത് ദൈവത്തെയും മറുവശത്ത് മാമോനേയും ആരാധിച്ചുകൊണ്ട് ചരിത്രത്തിലൂടെ മുന്നേറുന്ന കാഴ്ച ഏറെ വ്യസനകരമാണ്.
‘വിശ്വാസികളും പുരോഹിതരും മണിമന്ദിരങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ ദൈവത്തിനു അതിനേക്കാള്‍ വിലപിടിപ്പുള്ള ഭവനം നിര്‍മ്മിക്കണം.’ അതിനായാണ് പള്ളികള്‍ പൊളിച്ചു പണിയുന്നതെന്നും അതിനു വിശ്വാസികളും കൂട്ട് നില്കുന്നുവെന്നും പറയുന്നു. അശരീരിയായ ദൈവത്തെ കെട്ടിടത്തില്‍ തളച്ചിടുന്ന വിഡ്ഢിത്തത്തിനു എല്ലാവരും കൂട്ട് നില്‍ക്കുന്നു. ഉള്ളുകളില്‍ വസിക്കുന്ന ശക്തിയാണ് ദൈവം എന്ന തിരിച്ചറിവ് പോലും വിശ്വാസിക്ക് നഷ്ടപ്പെടുന്ന തരത്തിലാണ് ഇന്നത്തെ വിശ്വാസങ്ങള്‍ നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു. . ഈഗോയെ , സ്വാര്‍ത്ഥതയെ , അഹന്തയെ പോഷിപ്പിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന മത മേലധികാരികള്‍ അന്ധവിശ്വാസം ഊട്ടിയുറപ്പിക്കുന്നുവെന്നും ജെസ്മി അഭിപ്രായപ്പെട്ടു.
രാഷ്ടത്തില്‍ ഇന്ന് വലിയ ചര്‍ച്ചയായ ഏകീകൃത സിവില്‍ കോഡ് ശരിയായ രീതിയില്‍ നടപ്പാക്കുന്നത് സ്ത്രീകള്‍ക്ക് ഗുണം ചെയ്യും എന്നും ഒരേ കുടക്കീഴില്‍ അണിനിരക്കുന്നത് അവകാശങ്ങളുടെ ഏകീകരണം സാധ്യമാക്കും എന്നും സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 18 ചൊവ്വാഴ്ച്ച തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്തുവെച്ചു നടത്തുന്ന ഡി.സി. ബുക്‌സ് പുസ്തകോല്‌സവത്തില്‍ ജെസ്മിയുടെ പുതിയ നോവല്‍ ‘പെണ്മയുടെ വഴികള്‍‘ പ്രകാശനം ചെയ്യുന്നു.
പെണ്‍മയുടെ വഴികള്‍ എന്ന പുസ്തകത്തെ കുറിച്ചും, കേരളത്തിലെ മതചിന്തകളെക്കുറിച്ചും സിസ്റ്റര്‍ ജെസ്മിയുമായി ഡി സി ബുക്‌സ് എഡിറ്റര്‍ ഏ വി ശ്രീകുമാര്‍ നടത്തിയ അഭിമുഖത്തിലാണ് ഈ അഭിപ്രായങ്ങള്‍ അവര്‍ പങ്കു വയ്ക്കുന്നത്.
Post Your Comments