Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

തോപ്പില്‍ ഭാസി അവാര്‍ഡ് പുതുശേരി രാമചന്ദ്രന്

 

തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍ നല്‍കിവരുന്ന തോപ്പില്‍ ഭാസി അവാര്‍ഡ് പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്കാരം കവിയും വിമര്‍ശകനും ഭാഷാഗവേഷകനും പ്രബന്ധകാരനുമായ പുതുശേരി രാമചന്ദ്രന്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 33,333 രൂപയാണ് പുരസ്‌കാര തുക. തോപ്പില്‍ ഭാസിയുടെ അനുസ്മരണദിനമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം അവാര്‍ഡ് സമ്മാനിക്കും.

മാവേലിക്കര താലൂക്കില്‍ വള്ളികുന്നത്ത് 1928 സെപ്റ്റംബര്‍ 23നാണ് പുതുശ്ശേരി രാമചന്ദ്രന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളം ഓണേഴ്‌സ്, തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ എന്നിവ നേടി. 1970ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കി. കേരള സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ അധ്യാപകനായി. 1988ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച അദ്ദേഹം വിദ്യാഭ്യാസ- സാഹിത്യ- സാമൂഹിക മണ്ഡലങ്ങളില്‍ പല നിര്‍ണ്ണായക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലും പങ്കാളിയായിട്ടുണ്ട്.

സ്‌കൂള്‍ ജീവിതകാലത്ത് തന്നെ എഴുതിത്തുടങ്ങിയ ആദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍, പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍, കണ്ണശ്ശരാമായണം തുടങ്ങിയവയാണ്..

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മഹാകവി പി അവാര്‍ഡ് , മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, കണ്ണശ്ശ സ്മാരക അവാര്‍ഡ് , വള്ളത്തോള്‍ പുരസ്‌കാരം, കുമാരനാശാന്‍ അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, കേന്ദ്രസാഹിത്യ അക്കാദമിയുടെ ‘ഭാഷാസമ്മാന്‍’ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button