എഴുത്തുകാരിയും പ്രഭാഷകയും, അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ. ബി ഹൃദയകുമാരിയുടെ ചരമദിനം ആണ് ഇന്ന്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സെപ്റ്റംബറിലാണ് ഹൃദയകുമാരി ജനിച്ചത്. വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ബിരുദപഠനം നടത്തിയ ഹൃദയകുമാരി ടീച്ചര്‍ 1950 മുതല്‍ 1986 വരെ വിവിധ ഗവണ്മന്റ് കോളേജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. മൂന്നു വര്‍ഷം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചശേഷം വിരമിച്ചു. ഉന്നതവിദ്യാഭ്യാസപരിഷ്കരണ സമിതി അധ്യക്ഷയായിരുന്ന ടീച്ചര്‍ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി ഇളയ സഹോദരിയാണ്.അറിവിന്റെയും അധ്യാപനത്തിന്റെയും അഴകായിരുന്നു എന്നാണ് ശിഷ്യര്‍ ടീച്ചറെ വിശേഷിപ്പിച്ചത്. കാരണം യുവത്വത്തില്‍ ടീച്ചര്‍ അത്ര സുന്ദരിയുമായിരുന്നു. സഹോദരിമാരായ സുഗതകുമാരിയും സുജാതാകുമാരിയും കവിതയുടെ കല്പനാ ലോകത്തേക്ക് നടന്നു നീങ്ങിയപ്പോൾ ഹൃദയകുമാരി കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു. കാൽപനികത എന്ന കലാരഹസ്യം നിരന്തരം അന്വേഷിച്ചു നടന്ന ആ നിരൂപക മലയാളത്തിന്റെയും ആംഗലേയത്തിന്റെയും ക്ലാസ്സിക് കവികളുടെ ഭാവ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് കാൽപനികത എന്ന എക്കാലത്തെയും മികച്ച കലാഗ്രന്ഥം രൂപപെടുത്തി. വള്ളത്തോൾ കൃതികൾ ഇംഗ്ലീഷിലേക്കും ടാഗോർ കൃതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, റോമൻ കവിതകളിലെ കാൽപനികതയെക്കുറിച്ചെഴുതിയ ‘കാല്പനികത’ എന്ന പഠനം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
ഓര്‍മ്മകളിലെ വസന്തകാലം, വള്ളത്തോള്‍, കാല്പനികത എന്നിവയാണ് പ്രധാനകൃതികള്‍. നന്ദിപൂര്‍വം എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, ഗുപ്തന്നായര് സ്മാരക പുരസ്കാരം, ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്, ദിശ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 2014 നവംബര്‍ 8ന് അന്തരിച്ചു.
Post Your Comments