bookreviewliteratureworld

മുള്ള് വഴികള്‍ നിറഞ്ഞ മാധ്യമ ചരിത്രം

മനുഷ്യന് എന്തും തുറന്നു പറയാന്‍ ഇപ്പോള്‍ വേദികള്‍ ധാരാളമാണ്. ഇപ്പോള്‍ എല്ലാരും പത്ര പ്രവര്‍ത്തകരാണ്. സ്വന്തം അഭിപ്രായ്യങ്ങള്‍ പങ്കുവെച്ചു പല തലത്തില്‍ അവര്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നു. എന്നാല്‍ പണ്ട് കാലത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിയാലോ? അന്നത്തെ ജീവിത രീതികള്‍ ഇന്നത്തേതില്‍ നിന്നു എന്ത് വ്യത്യസ്തം അല്ലെ?
അഭിപ്രായം പറയുന്നത് പോലും കുറ്റമാകുന്ന ഈ ലോകത്ത് അവര്‍ ജീവിച്ചു. അവര്‍ വാര്‍ത്തകള്‍ പൊതു ജന മധ്യത്തില്‍ എത്തിച്ചു. ചിലര്‍ നാടുകടത്തപ്പെട്ടു. ചിലര്‍ ഒളിവില്‍ പോകേണ്ടി വന്നു. ചിലര്‍ ചരിത്രത്തില്‍ ഇടം നേടാതെ ന്യൂസ് റൂമിലെ ഇരുട്ടില്‍ ഒതുങ്ങി.

മുള്‍വഴികള്‍ ഒരുപാട് താണ്ടിയ പത്രപ്രവര്‍ത്തനരംഗത്തെ എണ്ണമറ്റ നിസ്വാര്‍ത്ഥരാണ് വരും തലമുറകള്‍ക്ക് വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും പരവതാനി വിരിച്ചതും നേരോടെ നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തതും. കേരള പത്രചരിത്രരചനയില്‍ പുതുവായനയ്ക്കും ഗവേഷണങ്ങള്‍ക്കും വഴികാട്ടിക്കൊണ്ട് ഒരു പുസ്തകം പുറത്തിറങ്ങി. വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍ എന്ന കൃതിയുടെ രചയിതാവ് പത്രപ്രവര്‍ത്തകനും പംക്തികാരനുമായ എന്‍.പി.രാജേന്ദ്രനാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായിരുന്നു  എന്‍.പി.രാജേന്ദ്രന്‍. മതിലില്ലാത്ത ജര്‍മനിയില്‍, ഫോര്‍ത്ത് എസ്റ്റേറ്റ്, മാറുന്ന ലോകം മാറുന്ന മാധ്യമലോകം തുടങ്ങി നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

മാധ്യമനിരൂപകരോ മാധ്യമ ചരിത്രകാരന്മാരോ പ്രസാധകരോ ഒന്നും കാണുകയും തിരിച്ചറിയുകയും ചെയ്തിട്ടില്ലാത്ത കോളമെഴുത്തുകാര്‍ എന്ന വര്‍ഗ്ഗത്തെക്കുറിച്ചാണ് വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍ എന്ന പുസ്തകം പറയുന്നത്. ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന ഗവേഷണങ്ങളുടെ ഫലമായാണ് എന്‍.പി.രാജേന്ദ്രന്‍ ഈ പുസ്തകം തയ്യാറാക്കിയത്.

കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ 1886ല്‍ കേരളസഞ്ചാരിയില്‍ എഴുതിയ അന്തസ്സാരന്‍, ബഹിസ്സാരന്‍, നിസ്സാരന്‍, സര്‍വസാരന്‍ എന്ന ഹാസ്യലേഖനമാണ് മലയാളത്തിലെ ആദ്യത്തെ കോളം എന്ന് പുസ്തകം പറയുന്നു. കേസരി നായനാര്‍ തുടങ്ങിവെച്ച പംക്തിരചനാ പ്രസ്ഥാനത്തിന് മൂര്‍ക്കോത്ത് കുമാരന്‍, സഞ്ജയന്‍, ഇ.വി.കൃഷ്ണപിള്ള തുടങ്ങിയവര്‍ വള്ളവും വളവുമേകി. പില്‍ക്കാലത്ത് മുഴുവന്‍ സമയ സാഹിത്യകാരായിരുന്ന മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, വയലാര്‍ രാമവര്‍മ്മ, ഡി സി കിഴക്കെമുറി, എന്‍.വി.കൃഷ്ണവാര്യര്‍, തായാട്ട് ശങ്കരന്‍, ഒ.വി.വിജയന്‍ തുടങ്ങിയവര്‍ ഈ മേഖലയിലേക്ക് കടന്നുവന്നതോടെ പംക്തികള്‍ രാഷ്ട്രീയവും സാഹിത്യവും തത്ത്വചിന്തയും മന:ശാസ്ത്രവും സിനിമയും എല്ലാം കാച്ചിക്കുറുക്കിയ അതിശക്തങ്ങളായ ആഗ്നേയാസ്ത്രങ്ങളായി മാറി.

മലയാള പത്രപംക്തികളുടെ ചരിത്രം ആഴത്തില്‍ പരിശോധിക്കുന്ന വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍ എന്ന കൃതിയില്‍ പത്രങ്ങളെ മാത്രമല്ല, ആനുകാലികങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പംക്തികാരനെക്കുറിച്ചും അവരുടെ പംക്തിയുടെ സവിശേഷതകളെക്കുറിച്ചും വിവരിച്ച് പംക്തീഭാഗങ്ങള്‍ എടുത്ത് ചേര്‍ത്തിരിക്കുന്നു. പത്രപ്രവര്‍ത്തന ചരിത്രത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഉത്തമ റഫറന്‍സ് ഗ്രന്ഥമാകുന്ന ഈ കൃതി കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

shortlink

Post Your Comments

Related Articles


Back to top button