വിശാലമായ ക്യാന്‍ വാസില്‍ വാക്കുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന എഴുത്തുകാര്‍ അതാണ് നോവലിസ്റ്റുകള്‍. മലയാളത്തില്‍ അപ്പുനെടുങ്ങാടി മുതല്‍ ഇപ്പോള്‍ അമല്‍ വരെ എത്തി നില്‍കുന്ന ഒരുപാട് എഴുത്തുകാര്‍. ഒരുപാടു തലമുറ. നോവല്‍ സാഹിത്യം വികസിച്ചു പരിപാലിക്കപ്പെടുന്നതില്‍ ദേശവും ഭാഷയും തടസമാകാതെ നില നില്‍ക്കുന്നു.
അതുകൊണ്ട് തന്നെ മണ്ണിന്‍റെ മണവും സോഫ്റ്റ് വെയര്‍ ലോകവുമെല്ലാം വിഷയങ്ങളായി പ്രതിപാദിക്കുന്ന നോവലുകള്‍ നമുക്ക് ഉണ്ട്. ദേശകാല സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായ കഥകള്‍ വായനക്കാര്‍ സ്വീകരിച്ചതിനു തെളിവാണ് ബെന്യാമിന്റെ ആടുജീവിതം. അതുപോലെ മറ്റൊരു ദേശ കഥയുമായി വരുന്നതാണ് ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ശ്രീലങ്കയുടെ ആഭ്യന്തര സംഘര്‍ഷങ്ങളും രാഷ്ട്രീയവും ചര്‍ച്ചചെയ്യുന്ന ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ ഒരു ഭാവുകത്വത്തെ തന്നെ അടയാളപ്പെടുത്തുന്നുണ്ട്.
ശ്രീലങ്കന്‍ പുലികളും പട്ടാള ഭരണവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരമായ മുഖം അന്താരാഷ്ട്ര തലങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവല്‍ പുറത്തുവരുന്നത്. ആഭ്യന്തരയുദ്ധത്തില്‍ വേലുപ്പിള്ള പ്രഭാകരനും കൂട്ടാളികളും കൊല്ലപ്പെട്ട് എല്‍ ടി ടി അനിവാര്യമായ പതനം ഏറ്റുവാങ്ങി രജപക്സെ വലിയ ജനപിന്തുണയോടെ അധികാരത്തില്‍ വന്ന വര്‍ത്തമാനകാലം, മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന എല്‍ ടി ടി യുടെ പോരാട്ടങ്ങളുടെ കാലം, പത്താം നൂറ്റാണ്ടിലെ കുലശേഖര സാമ്രാജ്യ കാലം എന്നിങ്ങനെ മൂന്നുകാലങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ട്രാന്‍സ് നാഷണല്‍ പിക്ചെര്‍സ് നിര്‍മ്മിക്കുന്ന ‘Women behind The Fall of Tigers’ എന്ന സിനിമയ്ക്കു തിരക്കഥ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട പീറ്റര്‍ ജീവാനന്ദമാണ് നോവലിന്റെ ആഖ്യാതാവ്. പീറ്ററും സവിധായകനും ക്യാമറ വുമണ്‍ ആനും അടങ്ങുന്ന ഒരു സംഘം ശ്രീലങ്കയുടെ രാഷ്ട്രീയ സാംസ്കാരിക ഭൂപടത്തിലൂടെ നടത്തുന്ന യാത്രയാണ് നോവലിന്റെ പ്രമേയം. ശ്രീലങ്കന്‍ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും പിന്നിട്ട് പ്രസിഡണ്ട് ഭരണത്തില്‍ എത്തിനില്‍ക്കുന്ന ശ്രീലങ്കയുടെ വര്‍ത്തമാനാവസ്ഥയിലൂടെ സഞ്ചരിക്കുന്ന നോവല്‍ സ്ത്രീ ചാവേര്‍ ആകുന്നതെങ്ങനെ എന്ന് കൂടി വരച്ചിടുന്നു.
ഒരിക്കല്‍ ഇയക്കത്തിനുവേണ്ടി ഡോ. രാജനിതിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ജീവിതത്തേയും കൊലപാതകത്തെയും കുറിച്ച് ഒരു സിനിമചെയ്യാന്‍ പീറ്റര്‍ ജീവാനന്ദം ശ്രീലങ്കയില്‍ എത്തുന്നു. എന്നാല്‍ രജനിയുടെ കൊലപാതകത്തെക്കുറിച്ച് പുലികള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന ആരോപണം മറികടക്കുക എന്ന പുലികളുടെ ലക്ഷ്യത്തെക്കുറിച്ച് അറിയാതെയായിരുന്നു അയാള്‍ അവിടെ എത്തുന്നത്. അവിടെ വെച്ച് ഇയക്കത്തിലെ പെണ്‍ പൊരാളി സുഗന്ധിയുമായി പീറ്റര്‍ പ്രണയത്തിലാവുന്നത്. നടക്കാതെപോയ ആ സിനിമ ഇന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യാനാണ് പീറ്ററും സംഘവും എത്തിയിരിക്കുന്നത്.
സങ്കീര്‍ണ്ണമായ മൂന്നുകാലങ്ങളെ ശക്തമായ ഒരു മിത്തിന്‍റെ പിന്‍ബലത്തില്‍ കോര്‍ത്തിണക്കിയാണ് നോവലിന്റെ പ്രമേയം മുന്നോട്ട് പോകുന്നത്. ശ്രീലങ്കന്‍ വര്‍ത്തമാന രാഷ്ട്രീയവും ആണ്ടാള്‍ ദേവനായകി എന്ന ഭൂതകാല മിത്തും വേര്‍തിരിച്ചെടുക്കാനാവാത്ത വിധം നോവലില്‍ ഇഴചേര്‍ന്നുകിടക്കുന്നു. സംഗീതവും നൃത്തവും മുതല്‍ അര്‍ഥശാസ്ത്രവും രാജശാസ്ത്രവും കാമശാസ്ത്രവും വരെ സമസ്തകലകളിലും ശാസ്ത്രത്തിലും നിപുണയായിരുന്ന അപ്സരകുലത്തില്‍ പിറന്ന ആണ്ടാള്‍ ദേവനായകി കാന്തള്ളൂര്‍ മഹാരാജാവായ മഹേന്ദ്രവര്‍മ്മന്‍റെ ഏഴാമത്തെ റാണിയായിരുന്നു. കാന്തള്ളൂര്‍ യുദ്ധത്തിനുശേഷം ദേവനായകിക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് അവള്‍ ശ്രീപത്മനാഭനില്‍ ലയിച്ചുവെന്നും ജ്ഞാനസരസ്വതിയായി മാറിയെന്നും യുദ്ധത്തില്‍ തോറ്റ മഹേന്ദ്രവര്‍മ്മന്‍റെ മുന്നില്‍വെച്ചു ചോളപ്പടയാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട അവര്‍ യക്ഷിയായി രൂപാന്തരം പ്രാപിച്ചെന്നും അതല്ല സ്ഥാണു മുനി എന്ന സന്യാസിയുടെ ഭാര്യയായി കുറെക്കാലം ജീവിച്ചുവെന്നും രാജരാജ ചോളന്‍റെ റാണിയായി അയാളുടെ കുഞ്ഞിനു ജന്മം നല്‍കിയെന്നും പിന്നീട് രാജരാജ ചോളന്‍റെ മകന്റെ കാമുകിയായി എന്നും തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ സിംഹള രാജാവു മഹിന്ദനോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ച് നിശാങ്ക വിജ്രന്‍ എന്ന ബുദ്ധസന്യാസിയില്‍ നിന്നു കര്‍മ്മ മുദ്ര അഭ്യസിച്ചു പരമാനന്ദത്തിലെത്തിയെന്നും മഹിന്ദമന്നനാല്‍ ഇരുമുലകളും ഛേദിക്കപ്പെട്ടു ജ്ഞാനസരസ്വതിയായി മാറിയെന്നുമുള്ള കഥകള്‍ പലകാലങ്ങളിലും ദേശങ്ങളിലുമായി പ്രചരിച്ചിരുന്നു. കറുപ്പ് എന്ന മാസികയുടെ വെബ്സൈറ്റില്‍ നിന്നാണ് പീറ്ററിന് ദേവനായകിയെ കുറിച്ചുള്ള കഥകളുടെ ചിലഭാഗങ്ങള്‍ കിട്ടുന്നത്.
സ്ത്രീ വെറും ഭോഗവസ്തു മാത്രമായി മാറുന്ന വര്‍ത്തമാന കാലവും അധികാരവും പണ്ടും ഒരുപോലെ ആയിരുന്നു എന്ന് ഈ നോവല്‍ വ്യക്തമാക്കുന്നു. ശ്രീലങ്കയിലെ ആക്റ്റിവിസ്റ്റുകളായ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗായത്രി പെരേര പീറ്ററിനോട് പറയുന്നുണ്ട്. ‘ഈ മണ്ണില്‍ ജനിച്ച ഏറ്റവും വിശുദ്ധയായ സ്ത്രീയായിരുന്നു അവര്‍. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായം. ആത്മാഭിമാനത്തിന്റെ നക്ഷത്രം.’ എന്ന് ഫാദര്‍ ആല്‍ഫ്രഡ് ചെല്ലദുരൈ ഓര്‍ക്കുന്ന ഡോ. രജനിതിരണഗാമ തമിഴ് പുലികളാല്‍ കൊലചെയ്യപ്പെടുന്നുണ്ട്. യുദ്ധങ്ങളിലും കലാപങ്ങളിലും ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് എപ്പോഴും സ്ത്രീകളാണ്. മഹിന്ദമന്നന്‍ എന്ന സിംഹള രാജാവിനോടുള്ള പ്രതികാരം നിര്‍വ്വഹിക്കാന്‍ ആണ്ടാല്‍ ദേവനായകി സ്വന്തം പ്രണയവും കാമവും ഉപയോഗിക്കുന്നു. സുഗന്ധി ഭരണകൂട ഭീകരതയ്ക്കെതിരായി പോരാടുന്നതും സ്വന്തം ശരീരം കൊണ്ടുതന്നെയാണ്. അവസാനം ഒരു ചാവേറായി പൊട്ടിത്തെറിച്ച് സുഗന്ധിയും ജ്ഞാന സരസ്വതിയായി ആകാശത്തേക്ക് ഉയരുന്നു. മിത്തും ചരിത്രവും പ്രണയവും രതിയും യുദ്ധവും പ്രതികാരവും ഇഴചേര്‍ന്നുകിടക്കുന്ന ആഖ്യാനം നോവലിനെ വായനയുടെ നവഭാവുകത്വത്തിലേക്കുയര്‍ത്തുന്നു.
Post Your Comments