literatureworldnews

ആത്മസത്തിലേക്കൊരു തീര്‍ത്ഥാടനം; ഏകാന്തം അരങ്ങിലെത്തുന്നു

 

‘എന്താണ് ജീവിതം…., തോണിയിലലയുന്ന മുക്കുവന്‍ കടലിനെ കാണുന്നില്ല. കടലിനെ കാണണമെങ്കില്‍ കരയില്‍ നിന്നുതന്നെ നോക്കണം….’ കടലിന്റെ അപാരത പോലെ ഗഹനവും മനോഹരവുമായ ജീവിതത്തില്‍ നിന്ന് ജീവിതം തന്നെ അന്യമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് വിലക്കപ്പെടുന്ന മനുഷ്യജീവിതവും സ്വാതന്ത്ര്യവും നേരിടുന്ന പ്രതിസന്ധികളുടെ ദാര്‍ശനികമായ ആവിഷ്‌ക്കാരമാണ് പ്രകാശ് കലാകേന്ദ്രത്തിന്റെ ഏകാന്തം എന്ന നാടകം.

ജീവിതം ഒരു മധുശലഭത്തെപ്പോലെ ആഘോഷിക്കേണ്ട കാലത്ത് കേവലം ഒരു പന്തയത്തിന്റെ പേരില്‍ നാലുചുവരുകളുടെ ബന്ധനം സ്വയം വരിച്ച യുവാവിന്റെ പതിനഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഏകാന്തതടവിലെ അനുഭവങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. ഏകാന്തത സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍, നിരന്തരമായ വായനയിലൂടെ സ്വന്തം ആത്മസത്തിലേക്ക് നടത്തുന്ന തീര്‍ത്ഥാടനം, പുതിയ ബോധങ്ങള്‍, പരിവര്‍ത്തനം തുടങ്ങി യാഥാര്‍ത്ഥ്യത്തിനും ഭ്രമകല്പനകള്‍ക്കും ഇടയിലൂടെ യുക്തിക്കും അയുക്തികള്‍ക്കും ഇടയിലൂടെ ഏകാന്തത രൂപപ്പെടുത്തുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്റെ അവസ്ഥാന്തരങ്ങളാണ് യുവസംവിധായകരില്‍ ശ്രദ്ധേയനായ ശ്രീജിത്ത് രമണന്‍ നാടകത്തില്‍ അനാവരണം ചെയ്യുന്നത്. മനുഷ്യനെയും അവന്റെ സ്വാതന്ത്ര്യത്തെയും വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന സമകാലീനമായ സമ്പത്തിന്റെ അധികാരം അറിവിന്റെ സൂര്യവെളിച്ചത്തിന് മുന്നില്‍ നിരായുധീകരിക്കപ്പെടുന്നതും നാടകത്തിന്റെ സവിശേമായ കാഴ്ചയാണ്.

വിശ്വസാഹിത്യത്തിലെ നിത്യവിസ്മയമായ ആന്റണ്‍ ചെക്കോവിന്റെ ‘ദ ബെറ്റ്’ എന്ന ചെറുകഥയെ സമകാലീന ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കാഴ്ചയിലൂടെ പുനഃസൃഷ്ടികകുകയാണ് നാടകകൃത്തായ പി.ജെ.ഉണ്ണികൃഷ്ണന്‍. കഥാപാത്രരൂപീകരണത്തിലും അരങ്ങ് ഭാഷയിലും പുതിയൊരു ജീവിതദര്‍ശനം അടയാളപ്പെടുത്താന്‍ സംവിധാകന്‍ ശ്രീജിത്ത് രമണന്‍ ശ്രമിച്ചിട്ടുണ്ട്.

സംവിധായകനായ ശ്രീജിത്ത് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി നാടകങ്ങളില്‍ അഭിനേതാവായും സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രഫസറാണ്.
‘പകയുടെ ഈശ്വരന്‍’, ‘അന്ത് അനന്ത്’ തുടങ്ങിയ നാടകങ്ങളുടെ രചയിതാവും നിരവധി നാടകങ്ങളുടെ സംവിധായകനുമാണ് നാടകകൃത്തായ പി.ജെ. ഉണ്ണികൃഷ്ണന്‍.

മൂന്നുതവണ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നേടിയ ചലച്ചിത്രനടന്‍കൂടിയായ രാജേഷ് ശര്‍മ്മയാണ് നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി.കെ.ശ്രീകുമാര്‍, റിജു ശിവദാസ്, സ്മിത എം. ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഫ്രാന്‍സിലെ ഫുട്‌സ്ബാന്‍ തീയേറ്ററിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച, രണ്ടുതവണ ചലച്ചിത്ര സംഗീത പുരസ്‌കാരം നേടിയ ചന്ദ്രന്‍ വെയാട്ടുമ്മല്‍ ആണ് ഏകാന്തത്തിന്റെ സംഗീത സംവിധാനം. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി നാടകങ്ങളുടെ ദീപസംവിധാനം നിര്‍വ്വഹിച്ച ഷൈമോന്‍ ചേലാടാണ് നാടകത്തിന്റെ പ്രകാശ ക്രമീകരണം നിര്‍വ്വഹിച്ചത്. കലാസംവിധാനം അജി എസ്. ധരന്‍. എച്ച് മുരളിദാസ് അസോസിയേറ്റ് ഡയറക്ടറും സി.ആര്‍. പ്രിന്‍സ് സ്റ്റേജ് മാനേജരുമാണ്.

നാടകത്തിന്റെ ആദ്യഅവതരണം നവംബര്‍ 12 സന്ധ്യയ്ക്ക് ആറുമണിക്ക് സോപാനം ആഡിറ്റോറിയത്തില്‍ നടക്കും.

shortlink

Post Your Comments

Related Articles


Back to top button