Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
bookreviewliteratureworld

കാട്ടിലേക്കൊരു യാത്ര

മലയാള നോവല്‍  സാഹിത്യ രംഗത്ത് ധാരാളം പുതിയ എഴുത്തുകാര്‍ കടന്നു വരുന്നുണ്ട്. എന്നാല്‍ ഭാഷയിലും ശൈലിയിലും വ്യതസ്തതയോടെ നിലനിക്കുന്ന എഴുത്തുകാരനാണ്‌  വി.ജെ. ജയിംസ്.  ആദ്യനോവലായ പുറപ്പാടിന്റെ പുസ്തകം മുതല്‍ നിരീശ്വരന്‍വരെയുള്ള നോവലുകളില്‍ അത് തിരിച്ചറിയാന്‍ സാധിക്കും. അദ്ദേഹത്തിന്‍റെ  ദത്താപഹാരം എന്ന നോവലും ഇതില്‍നിന്നു വ്യത്യസ്തമല്ല.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദത്താപഹാരം ഒരു യത്രയാണ് . കാട് അറിയാനുള്ള യാത്ര. അവിടെ കൂട്ടത്തില്‍ ഒരാള്‍ നഷ്ടമാകുന്നു. അവനെ തേടി വീണ്ടും യാത്ര. അങ്ങനെ ജീവിതവും ജീവനും ഒരു പ്രഹേളിക ആയി മാറുന്ന യാത്ര.

ഒരു കാടും അഞ്ചു സുഹൃത്തുക്കളും പ്രാധാന പ്രേമേയമാകുന്ന ഈ നോവല്‍ കാടിന്റെയും ജൈവികതയുടെയും വന്യതാളങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ അനുഭവസ്ഥലികളിലൂടെയാണ്  ആഖ്യാനം ചെയ്യപ്പെടുന്നത്. പുള്ളോത്തിക്കാടിന്റെ വന്യസൗന്ദര്യവും പക്ഷിസാന്നിദ്ധ്യവും ആസ്വദിക്കാനായി കാടുകയറിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ ഫ്രെഡി റോബര്‍ട്ട്, സുധാകരന്‍, മുഹമ്മദ് റാഫി, സഹദേവ അയ്യര്‍ പിന്നെ മഹേഷ് അഞ്ചുപേരും തിരികെ എത്തിയപ്പോള്‍ ഒരാള്‍ അവരില്‍ ഏറെ ആവേശഭരിതനും നേതൃസ്ഥാനത്തുനിന്നിരുന്നവനുമായ ഫ്രെഡി കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് എട്ടുമാസത്തിനുശേഷം, പുള്ളോത്തിക്കാട്ടിലെ അണക്കെട്ടിന്റെ സാധ്യതകളെപ്പറ്റി പഠിക്കാന്‍ പോയ ഗവേഷകര്‍ ഉള്‍ക്കാട്ടില്‍ പ്രാകൃതനും നഗ്‌നനും ശിലായുഗമനുഷ്യനെപ്പോലെ തോന്നിപ്പിക്കുന്നതുമായൊരു മനുഷ്യരൂപത്തെ കാണാനിടയായി എന്ന പത്രവാര്‍ത്തകണ്ട് വീണ്ടും ഒന്നിച്ചുകൂടുന്ന സുഹൃത്തുക്കള്‍ ഒരിക്കല്‍ക്കൂടി ഫ്രെഡിയെ അന്വേഷിച്ചു കാടുകയറുകയാണ്. ആ പാണ്ഡവര്‍ക്കൊപ്പമെക്കാലവും ഉണ്ടായിരുന്ന മീര എന്ന കൂട്ടുകാരിയും ഫ്രെഡിയെ അന്വേഷിച്ച് കാട്ടിലേക്കു പോകാന്‍ തയ്യാറായതോടെ വീണ്ടുമൊരു അഞ്ചംഗസംഘം ഇറങ്ങി. മീരയുടെ സാന്നിദ്ധ്യവും ഫ്രെഡിയുടെ അസാന്നിദ്ധ്യവും ഈ യാത്രയുടെ സവിശേഷതയായി.

കാട് വന്യത നിറഞ്ഞത്‌ മാത്രമല്ല. പകരം മനുഷ്യന്‍റെയും ജീവജാലങ്ങളുടെയും താവളവു അഭയസ്ഥാനവും ആയിരുന്നു. പ്രകൃതിയുമായും പരിസ്ഥിതിയുമായി ഇണങ്ങുന്ന ഒരു ജീവിതത്താളം നമുക്കു കാടിനെ അനുഭവിക്കുമ്പോള്‍ കണ്ടെത്താനാകും. . മറ്റെല്ലാ ജീവജാലങ്ങളെയുംപോലെ ജൈവികതയുടെ ഊഷ്മളമായ ബന്ധംകൊതിക്കാത്ത മനുഷ്യരില്ല എന്ന് ഫ്രെഡിയിലൂടെ ആവിഷ്കരിക്കുകയാണ്‌ ദത്താപഹാരം.

 

ദത്താപഹാരം
വി.ജെ. ജയിംസ്
നോവല്‍
വില 150.00
പ്രസാധകര്‍ ഡി സി ബുക്‌സ്, കോട്ടയം

shortlink

Post Your Comments

Related Articles


Back to top button