വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രധാനമന്ത്രിയ്ക്ക് കനത്ത സുരക്ഷയൊരുക്കും, പ്രതിപക്ഷ നേതാവിന് ക്ഷണമില്ല

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനു തുറമുഖത്ത് പോലീസിന്റെയും എസ്‌പിജിയുടെയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്‌തൃതമായ പരിധിയിലും തിരുവനന്തപുരം ജില്ലയുൾപ്പെട്ട വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടൽ-ആകാശ പരിധിയിൽ നിരീക്ഷണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും.

കടൽപരിധിയിൽ നാവികസേനയുടെയും കോസ്റ്റ്‌ഗാർഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും. ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയിൽ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകൾ ഒരുമിച്ചെത്തുക. ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. നാവികസേനയുടെ ഒരു സൈനിക കപ്പൽ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്.

ഡൽഹിയിൽനിന്ന് വായുസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെ ശംഖുംമുഖത്തുള്ള ടെക്‌നിക്കൽ ഏരിയയിൽ എത്തുമെന്നാണ് ലഭിച്ച വിവരം. അതേസമയം, വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടികയിലാണ് വി ഡി സതീശന്റെ പേര് വെട്ടിയത്.

ശശി തരൂര്‍ എംപിയുടേയും വിഴിഞ്ഞം എംഎല്‍എ എം.വിന്‍സന്റിന്റെയും പേര് ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലും പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നില്ല. പകരം ആദ്യ കപ്പല്‍ എത്തുന്ന സ്വീകരിക്കല്‍ ചടങ്ങില്‍ മാത്രമാണ് വി ഡി സതീശനെ ക്ഷണിച്ചത്. നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരിക്കുന്നത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Share
Leave a Comment