മലയാളി പകർത്തിയ ഭീകരരുടെ ചിത്രങ്ങൾ എന്‍ഐഎക്ക് കൈമാറി

ഏപ്രില്‍ 18നാണ് ശ്രീജിത്തും കുടുംബവും കശ്മീരില്‍ അവധി ആഘോഷത്തിന് എത്തിയത്.

ന്യൂഡല്‍ഹി : ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെടാനിടയായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍ പതിഞ്ഞു. മലയാളിയായ ശ്രീജിത്ത് രമേശന്‍ പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് അപ്രതീക്ഷിതമായി ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്.

ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരുടെ രേഖാ ചിത്രങ്ങളും ഫോട്ടോകളും സുരക്ഷാ സേനപുറത്തുവിട്ടതിന് പിന്നാലെയാണ് ഭീകരരെ ശ്രീജിത്ത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശ്രീജിത്ത് ദൃശ്യങ്ങള്‍ എന്‍ഐഎക്ക് കൈമാറി. എന്‍ഐഎ ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

ഏപ്രില്‍ 18നാണ് ശ്രീജിത്തും കുടുംബവും കശ്മീരില്‍ അവധി ആഘോഷത്തിന് എത്തിയത്. പഹല്‍ഗാം ടൗണില്‍ നിന്ന് ഏഴര കിലോമീറ്റര്‍ മാറി ബേതാബ് വാലിയെന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെച്ച് മകളുടെ ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അതുവഴി കടന്നുപോയ ഭീകരരും ഫോണില്‍ പതിഞ്ഞത്.

ബേതാബ് വാലിയില്‍ ഇവര്‍ എത്തിയെന്ന് തെളിഞ്ഞതോടെ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് സംശയിക്കുന്നത്.

Share
Leave a Comment