കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലം ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട തുഷാരയുടെ ഭര്‍ത്താവ് ചന്തു ലാല്‍, ഇയാളുടെ മാതാവ് ഗീത എന്നിവരെയാണ് കൊല്ലം ജില്ലാ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം.
2019 മാര്‍ച്ച് 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2013ലായിരുന്നു പൂയപ്പള്ളി ചരുവിളവീട്ടില്‍ ചന്തുലാലും തുഷാരയും തമ്മിലുള്ള വിവാഹം. ആറ് വര്‍ഷം നീണ്ട കുടുംബജീവിതത്തിനൊടുവിലാണ് തുഷാരയുടെ മരണം.
സ്ത്രീധന തുകയില്‍ കുറവ് വന്ന രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മരണവിവരം അറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ കുടുംബം കണ്ടത് ശോഷിച്ച് എല്ലും തോലുമായ തുഷാരയുടെ മൃതദേഹമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിഞ്ഞത്.
മൃതദേഹത്തിന്റെ ഭാരം വെറും 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തില്‍ ഭക്ഷണ വസ്തുവിന്റെ അംശം ഉണ്ടായിരുന്നില്ല. പൂയപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീതാ ലാലിനെയും പ്രതിചേര്‍ത്തു. അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള മകളുടെ അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.
Leave a Comment