പാക് വംശജരുടെ മടക്കം; പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്ന് നി​ഗമനം

പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്.

അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. 537 പേർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്. അതേസമയം, മെഡിക്കൽ വീസയുടെ കാലാവധി നാളെ കഴിയും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.

അതേസമയം, ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നു എന്നാവർത്തിക്കുകയാണ് അമേരിക്ക. പഹൽഗാം ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു എന്നും യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഉത്തവാദിത്ത ബോധത്തോടെയുള്ള പരിഹാരം വേണമെന്നും  ഇരു രാജ്യങ്ങളുമായും സമ്പർക്കത്തിലാണെന്നും സ്ഥിതി നിരീക്ഷിക്കുന്നു എന്നും യുഎസ് അറിയിച്ചു.

Share
Leave a Comment