സംവിധായകൻ ഷാജി എന്‍ കരുണിന്റെ സംസ്‌കാരം നാളെ നാല് മണിക്ക്; കലാഭവന്‍ തിയേറ്ററില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിന്റെ സംസ്‌കാരം നാളെ. നാളെ നാല് മണിക്ക് ശാന്തി കവാടത്തിലാണ് സംസ്‌കാരം. മൃതദേഹം പകല്‍ 10.30 മുതല്‍ 12.30 വരെ കലാഭവന്‍ തിയേറ്ററില്‍ പൊതു ദര്‍ശനത്തിന് വെക്കും. മറ്റ് പൊതുദര്‍ശനങ്ങള്‍ ഉണ്ടാകില്ല. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും.

വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു ഷാജി എന്‍ കരുണിന്റെ അന്ത്യം. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകള്‍ ഒരുക്കിയ ഷാജി എന്‍ കരുണ്‍ 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1988ലാണ് ‘പിറവി’ എന്ന ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. പിന്നാലെ അദ്ദേഹം ഒരുക്കിയ സ്വം എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ‘വാനപ്രസ്ഥം’ കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Share
Leave a Comment