ന്യൂഡൽഹി : ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തി അറിയിച്ച് കേന്ദ്രം. ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ച് വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിലാണ് ബിബിസി ഇന്ത്യ മേധാവിയെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചത്.
ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഭീകരരെ ആയുധധാരികൾ എന്ന് വിശേഷിപ്പിക്കുന്നതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ബിബിസി സംപ്രേഷണം ചെയ്യുന്ന വാർത്തകൾ പൂർണമായും നിരീക്ഷിക്കാൻ കേന്ദ്രം തീരുമാനിച്ചതായാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാൽ കർശന നടപടികളിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.
വസ്തുതകൾ അടിസ്ഥാനമാക്കി നിഷ്പക്ഷ വാർത്തകൾ നൽകണം, സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട തത്സമയ വാർത്തകൾ നൽകരുത് മുതലായ കർശന നിർദേശങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്രം മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ഇതിന് പുറമെ, പാക് അനുകൂല യുട്യൂബ് ചാനലുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇതില്‍ പലതും പാകിസ്ഥാനിലെ പ്രധാനപ്പെട്ട വാര്‍ത്താ ചാനലുകളുമായി ബന്ധപ്പെട്ടതാണ്.
ഡോണ്‍ ന്യൂസ്, സമ ടി.വി, ജിയോ ന്യൂസ് എന്നിവയാണ് അവ. ഇക്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭാട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയവരുടെ യുട്യൂബ് ചാനലുകളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.
Leave a Comment