കോഴഞ്ചേരി: സമൂഹമാധ്യമങ്ങള്‍ വഴി രാജ്യവിരുദ്ധമായ പോസ്റ്റ് ഇട്ട അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിനു ശേഷമാണ് ഇന്ത്യയ്ക്കും ഭരണാധികാരികൾക്കും എതിരെ പോസ്റ്റ് ഇയാൾ പോസ്റ്റിട്ടത്. സംഭവത്തിൽ ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം മീൻ വ്യാപാരം നടത്തുന്ന അസം സ്വദേശി എദ്ദിഷ് അലിയെയാണ് അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തതെന്നു പൊലീസ് അറിയിച്ചു. ഇന്ത്യയ്ക്കും ഭരണാധികാരികള്‍ക്കും എതിരെ ചിത്രങ്ങളും പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്റുകളാണ് ഇയാൾ പങ്കുവച്ചത്. ഭരണാധികാരികളെ മോശമായി ചിത്രീകരിച്ചതായും പാക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമ പേജുകള്‍ വഴി പ്രചരിപ്പിച്ചതായും അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും ബിജെപി ആറന്മുള മണ്ഡലം കമ്മിറ്റി പരാതിയില്‍ പറഞ്ഞു.
വല്ലന സ്വദേശി നടത്തുന്ന മീന്‍ വ്യാപാരശൃംഖലയിലെ ജീവനക്കാരനാണ് ഇയാൾ. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ബിജെപി നേതാക്കളാണ് ശനിയാഴ്ച ആറന്മുള പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.
Leave a Comment