ദില്ലി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ അധികൃതർ തകർക്കുന്നത് തുടരുന്നു. കുപ്വാരയിൽ ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർത്തിരുന്നു.
കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമില് തകർത്തത് ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു.
പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോൾ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി.
ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Leave a Comment