മാഹിയിലും മദ്യവില ഉയരുന്നു

ചെന്നൈ: മാഹിയിലും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നതോടു കൂടി മാഹി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ മദ്യവില വര്‍ധിക്കും. ലഫ്. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും.

 

തീരുവ കൂടുന്നതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കല്‍, യാനം എന്നിവിടങ്ങളില്‍ മദ്യവില ഗണ്യമായി ഉയരും. തീരുവ വര്‍ധനയ്ക്ക് അനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യകമ്പനികളും വില്‍പ്പനശാലകളുമാണ് തീരുമാനിക്കുക. ഒന്‍പതുവര്‍ഷത്തിനുശേഷമാണ് പുതുച്ചേരിയില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. തീരുവ വര്‍ധന നിലവില്‍ വന്നാലും മദ്യവില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാന ബജറ്റില്‍ അവതരിപ്പിച്ച സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ തീരുവ കൂട്ടുന്നത്. കുടുംബനാഥകള്‍ക്കായുളള പ്രതിമാസ ധനസഹായം 2,500 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വയോജന പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പുറമേ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലമുണ്ടാകുന്ന അധിക ബാധ്യത തീരുവ വര്‍ധനയിലൂടെ പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. തീരുവകള്‍ വര്‍ധിപ്പിച്ചതിലൂടെ 300 കോടി അധികം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

Share
Leave a Comment