ലോകമെങ്ങുമുള്ള സാധുജനങ്ങളുടെ ശബ്ദമായിരുന്ന ഫ്രാൻസിസ് മാർപാപ്പ മണ്ണിലേക്ക് മടങ്ങി. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹ പ്രകാരം റോമിലെ സാന്താമറിയ മജോറെ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. കർദിനാൾ ജൊവാനി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പുരോഹിത ശ്രേഷ്ഠന് വിട ചൊല്ലാൻ ജനസാഗരമാണ് സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
കർദിനാൾ ജൊവാനി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിൽ സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാർത്ഥനാച്ചടങ്ങ്. വചന സന്ദേശത്തിൽ മാർപാപ്പയെ അനുസ്മരിച്ച് കർദിനാൾ ബാറ്റിസ്റ്റ ലോക സമാധാനത്തിന് ആഹ്വാനം ചെയ്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെറിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരായി.
പ്രത്യേക താളത്തിൽ പള്ളി മണികൾ മുഴങ്ങി. ശേഷം പ്രിയപ്പെട്ട സെൻറ് പീറ്റേഴ്സ് ബസിലിക്കയോട് വിടചൊല്ലി വിലാപയാത്രയായി നാല് കിലോമീറ്റർ അകലെയുള്ള സെൻറ് മേജർ ബസിലിക്കയിലേക്ക്. കൊളോസിയം വഴി പോപ്പ്മൊബൈൽ വാഹനത്തിൽ അന്ത്യയാത്ര. ലോകനേതാക്കൾ അനുഗമിച്ചു. തങ്ങളുടെ പ്രിയപ്പെട്ട പാപ്പയെ അവസാനമായി കാണാൻ വത്തിക്കാൻ തെരുവീഥികളിൽ ജനപ്രവാഹം എത്തി.
ഏറെ പ്രിയപ്പെട്ട സാന്ത മരിയ മജോറെയിലേക്ക് 50 പേർ മാത്രം പങ്കെടുത്ത അന്ത്യവിശ്രമച്ചടങ്ങ്. കർദിനാൾ കെവിൻ ഫാരലിൻ്റെ കാർമികത്വത്തിൽ ചടങ്ങുകൾ. 3 പെട്ടികളിൽ മാർപാപ്പമാരെ സംസ്കരിക്കുന്ന പതിവുരീതിയിൽ നിന്ന് വിഭിന്നമായിരുന്നു പാപ്പയുടെ കബറടക്കം.
Leave a Comment