കൊടൈക്കനാലിലും ഊട്ടിയിലും എത്തുന്ന വിനോദസഞ്ചാര വാഹനങ്ങള്‍ക്കുള്ള പരിധി ഉയർത്താൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

കൊടൈക്കാനാലില്‍ 4000 വാഹനങ്ങളുടെ സ്ഥാനത്ത് 4500 ആയും വര്‍ധിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി കോടതി ഉത്തരവിട്ടു

ചെന്നൈ: കൊടൈക്കനാലിലും ഊട്ടിയിലും എത്തുന്ന വിനോദസഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഊട്ടിയില്‍ വാരാന്ത്യങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പരമാവധി 6000 വാഹനങ്ങള്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. ഇത് 6500 ആയി ഉയര്‍ത്തി. കൊടൈക്കാനാലില്‍ 4000 വാഹനങ്ങളുടെ സ്ഥാനത്ത് 4500 ആയും വര്‍ധിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി കോടതി ഉത്തരവിട്ടു.

മധ്യവേനല്‍ക്കാലത്തെ വിനോദസഞ്ചാരമേളകള്‍ പരിഗണിച്ചാണ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.

അതേസമയം വാരാന്ത്യങ്ങളില്‍ ഊട്ടിയില്‍ 8000 വിനോദസഞ്ചാരവാഹനങ്ങള്‍ക്കും കൊടൈക്കനാലില്‍ 6000 വാഹനങ്ങള്‍ക്കുമാണ് അനുമതി നൽകിയിരിക്കുന്നത്. പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാര്‍ഷികോത്പന്നങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. കൂടാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഇ-പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Leave a Comment