ഷൈനും ശ്രീനാഥ് ഭാസിയും മാത്രമല്ല, ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരിൽ 3 പേർ കൂടെ; തസ്ലിമയുമായി സാമ്പത്തിക ഇടപാടുകൾ

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണം. കസ്റ്റഡി കാലാവധി പൂർത്തിയായ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നടൻമാരായ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കും എക്‌സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്. തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന് കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇത് എന്തിനു വേണ്ടിയാണെന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിൽ നിന്ന് വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ പൂർണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിൻ്റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. തസ്ലിമയുടെ പെൺവാണിഭ ഇടപാടുകളെക്കുറിച്ചും സുൽത്താൻ അക്ബർ അലിയുടെ രാജ്യാന്തര സ്വർണക്കടത്തിനെ കുറിച്ചും എക്സൈസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതു പൊലീസിന് കൈമാറാനാണ് ആലോചന. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്.

Share
Leave a Comment