കക്കയം ജല വൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ്: ഇന്ന് മുതൽ ശനിയാഴ്ച വരെ വൈദ്യുത നിയന്ത്രണം

വെള്ളിയാഴ്ച വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്

കോഴിക്കോട്: കക്കയം ജല വൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ ചില ഇടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ വൈദ്യുത നിയന്ത്രണം വേണ്ടി വരുമെന്നു കെഎസ്ഇബി. അര മണിക്കൂർ സമയത്തേക്കായിരിക്കും നിയന്ത്രണം. ഉപഭോക്താക്കൾ വൈകീട്ട് ആറ് മണിക്കു ശേഷം വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്നും ബോർഡ് വ്യക്തമാക്കി.

കെഎസ്ഇബിയുടെ കുറിപ്പ്

കക്കയം ജല വൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നു (24.04.2025) മുതൽ ശനിയാഴ്ച (26.04.2025) വരെ ഉത്തര കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും.

വെള്ളിയാഴ്ച വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്.

വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകും. ആയതിനാൽ വൈകുന്നേരം 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Share
Leave a Comment