ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ നാളെ ദേശീയ സുരക്ഷാ സമിതി ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

പുറമേ നിന്നുള്ള വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുമ്പോഴോ കനത്ത തീവ്രവാദ ആക്രമണമുണ്ടാകുമ്പോഴോ മാത്രമാണ് പാകിസ്താന്‍ ദേശീയ സുരക്ഷാ സമിതി അടിയന്തരയോഗം ചേരുന്നത്. യോഗവിവരം ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ സ്ഥിരീകരിച്ചു. വിസ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നയതന്ത്രനിയന്ത്രണങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താനില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്.

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നുമാണ് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.

 

Share
Leave a Comment