ന്യൂദല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും.
നയതന്ത്ര രംഗത്ത് ഇന്ത്യയുടെ കടുത്ത നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. സിന്ധു നദീജല കരാര്‍ മരിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം വിലയിരുത്തും.
ഭീകരാക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
പാകിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഇന്നലെ ഇന്ത്യയുടെ നീക്കങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ കനത്ത ജാഗ്രത തുടരുകയാണ്.
ഭീകരര്‍ക്കായുള്ള തെരച്ചില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രധാന റോഡുകളിലെല്ലാം ഇന്നും പരിശോധന ശക്തമായി തുടരും. മേഖലയില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.
അതിനിടെ ഇന്ന് നടക്കാനിരുന്ന കാണ്‍പൂര്‍ സന്ദര്‍ശനം പ്രധാനമന്ത്രി മാറ്റിവെച്ചു. പഹല്‍ഗാം ആക്രമണത്തില്‍ കാണ്‍പൂര്‍ സ്വദേശി ശുഭം ദ്വിവേദി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാണ്‍പൂര്‍ സന്ദര്‍ശനം പ്രധാനമന്ത്രി മാറ്റിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിയമ സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബീഹാര്‍ സന്ദര്‍ശിക്കും.
ബിഹാറിലെ മധുബനിയില്‍ 13,480 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും. കൂടാതെ ബിഹാറില്‍ അമൃത് ഭാരത് എക്‌സ്പ്രസ്സും നമോ ഭാരത് റാപ്പിഡ് റെയിലും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
Leave a Comment