ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ അടിയന്തരമായി നിർത്തിവെച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ നൽകിയിട്ടുള്ള നിലവിലുള്ള എല്ലാ വിസകളുടെയും കാലാവധി ഏപ്രിൽ 27 ന് അവസാനിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാൻ പൗരന്മാർക്കുള്ള മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെ മാത്രമേ സാധുതയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിലവിൽ അവിടെയുള്ളവർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ബുധനാഴ്ച ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. പാകിസ്ഥാൻ സൈനിക അറ്റാഷെമാരെ പുറത്താക്കുക, 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുക, അട്ടാരിയിലെ കര അതിർത്തി അടച്ചിടുക തുടങ്ങിയ സുപ്രധാന നടപടികളാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതിയുടെ യോഗത്തിലാണ് പാകിസ്ഥാനെതിരായ ഈ ശിക്ഷാ നടപടികൾ തീരുമാനിച്ചത്.
Leave a Comment