1960 ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചു: അട്ടാരി അതിർത്തി അടച്ചു; പാക് പൗരന്മാർക്ക് വിസ ഇല്ല: കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡൽഹി: കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ‌ അവസാനിപ്പിക്കുന്നത് വരെ 1960 ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേർന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിന്റേതാണ് തീരുമാനം.

സമിതിയുടെ ഭാഗമായ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്കെടുത്തു. വാഗാ അട്ടാരി അതിർത്തി അടയ്ക്കും. കൃത്യമായ രേഖകളോടെ അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം.

പാക് പൗരന്മാർക്ക് നൽകിയ വിസ നൽകില്ല. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് മുന്‍പ് നല്‍കിയിട്ടുള്ള SVES വിസകള്‍ റദ്ദാക്കിയതായി കണക്കാക്കും. നിലവില്‍ SVES വിസയില്‍ ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് ഹൈക്കമ്മീഷണർ ഓഫീസിലെ അംഗസംഖ്യ 55ൽ നിന്ന് 30 ആക്കി വെട്ടിച്ചുരുക്കി.

മേഖലയിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും ആസൂത്രണം ചെയ്തവര്‍ക്കെതിരെയും ശക്തവും വ്യക്തവുമായ നടപടി സ്വീകരിക്കുമെന്ന് രാജ്യത്തിന് പ്രതിരോധ മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിനോടകം വ്യക്തമാക്കിയിരുന്നു.

Share
Leave a Comment