പഹൽഗാം ആക്രമണം : വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി സുരക്ഷാ ഏജൻസികൾ

ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ പേരുകളും സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്

ജമ്മുകശ്മീർ : പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്തെന്ന് സംശയിക്കുന്ന പ്രതികളുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ പേരുകളും സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലെമാൻ ഷാ, അബു തൽഹ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നുള്ള വിശദമായ ദൃക്‌സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇവർ ആക്രമണത്തിന് നേതൃത്വം നൽകിയത് മൂന്ന് ഭീകരരാണെന്ന് സ്രോതസ്സുകൾ പറയുന്നു. ഇരകളെ വേർതിരിച്ച് പുരുഷ വിനോദസഞ്ചാരികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു കൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

ഈ സമയം സമീപത്തുണ്ടായിരുന്നവർക്ക് ആക്രമണകാരികളെ കാണാൻ കഴിഞ്ഞു. രേഖാചിത്രങ്ങൾക്ക് പുറമേ അക്രമികളിൽ ഒരാൾ ഓട്ടോമാറ്റിക് ആയുധം വഹിച്ചുകൊണ്ട് പുൽമേടിലൂടെ ഓടുന്നതിന്റെ ചിത്രവും അധികൃതർ പുറത്തുവിട്ടു. ദൃക്‌സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രങ്ങൾ കുറ്റവാളികളെ തിരിച്ചറിയാനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏറെ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കശ്മീരിലെ പഹൽഗാം പട്ടണത്തിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലാണ് തീവ്രവാദികൾ വെടിയുതിർത്തത്. അക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. കൂടുതലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അവധിക്കാല യാത്രക്കാർ ആയിരുന്നു.

മരിച്ച 26 പേരിൽ യുഎഇ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിദേശികളും രണ്ട് പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ കർണാടക, മഹാരാഷ്ട്ര, ഹരിയാന, കേരളം, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടുന്നുണ്ട്.

അതേ സമയം 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്.

Share
Leave a Comment