വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. ഇതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.
പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.
ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.
Leave a Comment