കോട്ടയം: കോട്ടയം തിരുവാതുക്കല്‍ ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി അക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതില്‍ തകര്‍ത്തത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. രക്തം വാര്‍ന്ന നിലയിലാണ് വ്യവസായിയായ വിജയകുമാറിന്റെയും, ഭാര്യ മീരയുടെയും മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. മുഖത്ത് ആയുധം കൊണ്ടുള്ള മുറിവുകളുണ്ട്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ പിന്നിലെ വാതില്‍ അമ്മിക്കല്ല് കൊണ്ട് തകര്‍ത്ത നിലയിലാണ്. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് കണ്ടെത്തി. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മോഷണശ്രമം നടന്നിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ട് പേരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വിജയകുമാറിന്റെ മകന്റെ മരണത്തിലും ദുരൂഹത ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഏഴ് വര്‍ഷം മുമ്പാണ് വിജയകുമാറിന്റെ മകന്‍ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. മകന്റെ മരണവും ഇപ്പോഴത്തെ സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്. മകന്റെ മരണത്തില്‍ സിബിഐ കഴിഞ്ഞ മാസം 21 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ ഇട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം.
Leave a Comment