കശ്മീരിലെ പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി. ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു. സംഭവത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അപലപിച്ചു.

തെക്കല്‍ കശ്മീരിലെ പെഹല്‍?ഗാമിലാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈസാറിന്‍ എന്ന കുന്നിന്‍മുകളിലേക്ക് ട്രെക്കിം?ഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

രണ്ട് പേര്‍ക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. ആക്രമിച്ചതിന് ശേഷം ഭീകരര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. 5 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

Share
Leave a Comment