വിദേശ നാണയ വിനിമയച്ചട്ട ലംഘനം: ഗോകുലം ഗോപാലനെതിരായ അന്വേഷണം തുടർന്ന് ഇഡി

കൊച്ചി: ഗോകുലം ഗോപാലനെതിരായ അന്വേഷണം തുടർന്ന് ഇഡി. വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ വീണ്ടും പരിശോധിക്കും. ഇന്ന് രേഖകളുമായി ഹാജരാകാൻ വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം. കഴി‍ഞ്ഞയാഴ്ച അഞ്ചര മണിക്കൂർ ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595 കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തിയിരുന്നു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി കഴഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ​പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന.

ഗോകുലം ഗോപാലന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പി എം എൽ എ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയവയുടെ പേരിലായിരുന്നു ഇഡി പരിശോധന. ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് സൂചന. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.

Share
Leave a Comment