സാറിന് ചായ കുടിക്കാന്‍ 500 രൂപ, എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്: പരീക്ഷ ജയിപ്പിക്കണമെന്ന് വിദ്യാർത്ഥികളുടെ അഭ്യർത്ഥന

പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കണം.

ബംഗലൂരു: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന വിദ്യാർത്ഥികളുടെ അഭ്യര്‍ത്ഥനകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പരീക്ഷ വിജയിപ്പിക്കണമെന്ന് ഉത്തരക്കടലാസില്‍ നിരവധി അഭ്യര്‍ത്ഥനകളാണ് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളത്. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്‍ണ ക്യാംപിൽ പേപ്പറിനുള്ളിൽ നിന്നും അധ്യാപകന് ലഭിച്ചത് 500 രൂപ നോട്ടും അഭ്യര്‍ത്ഥനയും.

‘പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കണം. എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമേ പ്രണയം തുടര്‍ന്നുകൊണ്ടുപോകാനാകൂ. പരീക്ഷ ജയിച്ചില്ലെങ്കില്‍ കാമുകി എന്നെ വിട്ടു പോകും’ എന്നായിരുന്നു പണത്തോടൊപ്പം ഒരു അഭ്യര്‍ത്ഥന.

‘സാറിന് ചായ കുടിക്കാന്‍ 500 രൂപ ഇതോടൊപ്പം വെക്കുന്നു. എന്നെ എങ്ങനെയെങ്കിലും ജയിപ്പിക്കണം. പ്ലീസ്’ എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ. പരീക്ഷ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച്‌ അയക്കുമെന്ന ഭയം പങ്കുവച്ച വിദ്യാര്‍ത്ഥിനിയുടെ കത്തും അധ്യാപകർക്ക് ലഭിക്കുന്നുണ്ട്.

‘സര്‍ എന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്. ജയിച്ചില്ലെങ്കില്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്നെ കോളജില്‍ വിടില്ല’ എന്ന് തുടങ്ങി വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകൾ നിരവധിയാണ്. കര്‍ണാടകയില്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം അടുത്ത മാസം ആദ്യവാരം പ്രസിദ്ധീകരിക്കും.

Share
Leave a Comment