ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22, 23 തീയതികളിലും, ശവസംസ്കാര ദിവസങ്ങളിലുമാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും, ഔദ്യോഗിക വിനോദ പരിപാടികൾ ഒഴിവാക്കും.
മാർപാപ്പയുടെ വിയോഗത്തിൽ പോപ്പിന്റെ ജന്മനാടായ അർജന്റീനയിലും ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ ലൈറ്റുകൾ അണച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ പേര് വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു. “Sedes vacans” (സീറ്റ് ഒഴിഞ്ഞുകിടക്കുന്നു) എന്ന ലാറ്റിൻ വാചകം വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.മാർപാപ്പയുടെ മൃതദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാൻ അറിയിച്ചു. അതിനു ശേഷം ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടായിരിക്കും.
ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രി വാസത്തിലായിരുന്നു മാര്‍പാപ്പ. തുടര്‍ന്ന് വിശ്രമത്തിലിരിക്കെയായിരുന്നു 88-ാം വയസില്‍ വിയോഗം. വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.
Leave a Comment