കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും. കൃത്യമായ തെളിവുകൾ ലഭിച്ച ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. കേസിൽ ധൃതിപിടിച്ചുള്ള നടപടികൾ പിന്നീട് കോടതിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഷൈനിൻ്റെ ഫോണിൽ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നും ഷൈനിൻ്റെ ലഹരി പരിശോധന ഫലമടക്കം ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാമെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്.
അതേസമയം ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണ്ണായക യോഗങ്ങൾ നടക്കാനിരിക്കുകയാണ്. സൂത്രവാക്യം സിനിമയുടെ ഇൻ്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‌റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളാണ് യോഗം ചേരുന്നത്. നടി വിൻസി നേരിട്ട ദുരനുഭവത്തിൽ ഇൻ്റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നുവോ അത് നടപ്പാക്കാൻ സിനിമാ സംഘടനകൾ ബാധ്യസ്ഥരാവും. ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഫിലിം ചേംബറിൻ്റെ യോഗവും നടക്കും. സിനിമയുടെ ഇൻ്റേണൽ കമ്മിറ്റിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ഫിലിം ചേംബറിൽ ചർച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളെ ചെമ്പർ തങ്ങളുടെ നടപടികൾ അറിയിക്കും. ഇതിനിടെ, നടി വിൻസി പരാതിയിൽ ഷൈൻ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
വിഷയത്തിൽ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുമ്പാകെ വിശദീകരണം ഷൈൻ ടോം ചാക്കോക്ക് നൽകിയ സമയം അവസാനിച്ചു. ഷൈനിൻ്റെ അച്ഛൻ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈൻ മറുപടി നൽകാത്ത കാര്യം മൂന്നാം സമിതി അഡ്‌ഹോക്ക് കമ്മറ്റി മുൻപാകെ റിപ്പോർട്ട് ചെയ്യും. കൊച്ചിയിൽ നടക്കുന്ന ഇൻ്റേണൽ കമ്മിറ്റി യോഗം കൂടി പരിഗണിച്ച് സംഘടന ഷൈനിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തും.
Leave a Comment