ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിൻ്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമഗ്രമായ വികസനത്തിനായുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊള്ളുന്നു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ന് രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ മാർച്ച് 23ന് നാണ് അദ്ദേഹം തിരിച്ചെത്തിയത്.
2013 മാർച്ച് 13-ന് അർജൻ്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകൾകൊണ്ടും ഫ്രാൻസിസ് മാർപാപ്പ ലോകത്തിൻ്റെ ആകെ ശ്രദ്ധ നേടി. മതങ്ങൾക്കിടയിലെ ആശയവിനിമയത്തെ ഫ്രാൻസിസ് മാർപാപ്പ പിന്തുണച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് വേണ്ടി പ്രാർത്ഥിച്ചു. സമാധാനത്തിന് വേണ്ടിയും മാർപാപ്പയും ആഹ്വാനം ചെയ്തു.
Leave a Comment