മാസപ്പടി കേസ് : എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയിൽ

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയത്

തിരുവനന്തപുരം : മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇ ഡി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. വീണാ വിജയന്‍ അടക്കമുള്ള പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങള്‍ വേണം. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയത്.

അതേസമയം, മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ ആദ്യം നല്‍കിയ ഹർജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു അന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്റ്റേ നല്‍കാന്‍ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് തയ്യാറായിരുന്നില്ല.  അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കില്‍ക്കൂടി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് എസ്എഫ്ഐഒ വാക്കാല്‍ കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് കഴിഞ്ഞ തവണ സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ മറ്റൊരു ബെഞ്ചിനെ അറിയിച്ചത്.

ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ തവണ പരിഗണിച്ച ബെഞ്ച്, കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വീണ്ടും വിടുകയായിരുന്നു.

Share
Leave a Comment