ഐഎസ്ആര്‍ഒ സ്പേഡെക്സ് ദൗത്യം : ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ്ങും വിജയം : അഭിനന്ദിച്ച് കേന്ദ്രമന്ത്രി

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു

ബെംഗളുരു : ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം. ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്പേഡെക്സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16ന് രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്തു. തുടര്‍ന്ന് 2025 മാര്‍ച്ച് 13 ന് രാവിലെ 9.20ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വിസി 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തില്‍ എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്.

ഈ സാറ്റ്ലൈറ്റുകളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ഊര്‍ജ്ജക്കൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് സ്പേഡെക്സ് ദൗത്യത്തില്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്.

Share
Leave a Comment