ബെംഗളുരു : കര്‍ണാടകയിലെ മുന്‍ പോലീസ് മേധാവിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി നല്‍കി.
തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചു. അപ്പോള്‍ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത് വീശിയത്. സംഭവം നടന്ന അന്ന് രാവിലെയും തര്‍ക്കം ഉണ്ടായിരുന്നു. ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ഓം പ്രകാശിന്റെ ദേഹത്തേക്ക് മുളകു പൊടി വിതറി. പിന്നീട് വെളിച്ചെണ്ണ ഒഴിച്ചു. ഭീഷണി തുടര്‍ന്നതോടെ മറ്റു വഴികളില്ലാതെയാണ് കറി കത്തിയെടുത്ത് കുത്തിയതെന്നുമാണ് പല്ലവിയുടെ മൊഴി.
കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പല്ലവി പറഞ്ഞു. മുന്‍ പോലീസ് മേധാവി ഓം പ്രകാശിനെ ഭാര്യ പല്ലവിയും മകള്‍ കൃതിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തര്‍ക്കമാണെന്നും പോലീസ് പറയുന്നു. മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത് എഴുതി വച്ചിരുന്നത്. ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം.
ഓം പ്രകാശിന്റെ വീട്ടില്‍ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പോലീസിന് വിവരം ലഭിച്ചു. ‘ഞാനാ പിശാചിനെ കൊന്നു’ എന്ന് പല്ലവി പറഞ്ഞെന്നാണ് സുഹൃത്ത് മൊഴി നല്‍കിയത്.
ബെംഗളുരുവിലെ സ്വന്തം വീടിനുള്ളിലാണ് കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശി (68)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓം പ്രകാശിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വീടിനുള്ളില്‍ ആരും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കി. ഓം പ്രകാശ് ബിഹാര്‍ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.
Leave a Comment