ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു : അപകടം സംഭവിച്ചത് കരമനയാറിന് സമീപം

ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനായ രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേര്‍ന്നാണ് കരമനയാറ്റില്‍ കുളിക്കാനായി ആയിരവല്ലി മേലേക്കടവില്‍ എത്തിയത്

തിരുവനന്തപുരം : ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്ര കടവിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുല്‍ (27) ആണ് മരിച്ചത്. ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനായ രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേര്‍ന്നാണ് കരമനയാറ്റില്‍ കുളിക്കാനായി ആയിരവല്ലി മേലേക്കടവില്‍ എത്തിയത്.

കുളിക്കാനിറങ്ങിയ രാഹുല്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തിരുവനന്തപുരം ഫയര്‍‌സ്റ്റേഷനില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാജിഖാന്റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം സ്ഥലത്തെത്തുകയും രണ്ടര മണിക്കൂറുകളോളം പരിശോധന നടത്തുകയും ചെയ്തതോടെ കടവില്‍ നിന്ന് 20 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നാള്‍ താഴ്ചയുള്ള സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്നും ചെളിയില്‍ കിടന്ന വല രാഹുലിന്റെ കാലില്‍ കുരുങ്ങിയ നിലയിലായിരുന്നെന്നും ഫയര്‍ഫോഴ്‌സ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share
Leave a Comment