വിയറ്റ്നാമിനും ബ്രഹ്‌മോസ് മിസൈൽ വേണം : കരാർ നടപടികൾ അവസാന ഘട്ടത്തിലെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം

സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മിസൈൽ വിയറ്റ്‌നാം വാങ്ങാനൊരുങ്ങുന്നത്

ന്യൂഡൽഹി : പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തായ ബ്രഹ്‌മോസ് മിസൈൽ വേണമെന്ന ആവശ്യവുമായി ദക്ഷിണേഷ്യൻ രാജ്യമായ വിയറ്റ്നാം. ഫിലിപ്പീൻസിന് പിന്നാലെയാണ് മറ്റൊരു രാജ്യവും മിസൈലിനായി ഇന്ത്യയെ സമീപിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 700 മില്യൺ ഡോളറിൻ്റെ (ഏകദേശം 5977 കോടി രൂപ) ഈ ആയുധ ഇടപാട് സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും വരും മാസങ്ങളിൽ കരാർ ഒപ്പുവച്ചേക്കുമെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മിസൈൽ വിയറ്റ്‌നാം വാങ്ങാനൊരുങ്ങുന്നത്. 290 കിലോമീറ്റർ പരിധിയിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് മിസൈലാണ് ബ്രഹ്‌മോസ്.

ഈ കരാർ യാഥാർത്ഥ്യമായാൽ, ബ്രഹ്‌മോസ് സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി വിയറ്റ്‌നാം മാറും. 2022-ൽ ഫിലിപ്പീൻസുമായി 375 മില്യൺ ഡോളറിൻ്റെ ബ്രഹ്‌മോസ് ഇടപാട് ഇന്ത്യ പൂർത്തിയാക്കിയിരുന്നു. മലേഷ്യയുമായും സമാനമായ മിസൈൽ ഇടപാടിന് ചർച്ചകൾ നടക്കുന്നുണ്ട്. കൂടാതെ, ദക്ഷിണ അമേരിക്കയിലെയും മിഡിൽ ഈസ്റ്റിലെയും ചില രാജ്യങ്ങളും ബ്രഹ്‌മോസിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസിൻ്റെ ദൂരപരിധി 600 കിലോമീറ്റർ വരെ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. നിലവിൽ കര, നാവിക, വ്യോമസേനകളിൽ ബ്രഹ്‌മോസിൻ്റെ വിവിധ പതിപ്പുകൾ ഉപയോഗത്തിലുണ്ട്.

Share
Leave a Comment