മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാചാര ആക്രമണം

ബെംഗളൂരു: ബെംഗളൂരുവില്‍ മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാരാചാര ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഒന്നിച്ചിരിക്കുന്ന യുവതിയെയും യുവാവിനെയും അജ്ഞാതന്‍ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പെണ്‍കുട്ടിയുടെ ബൂര്‍ഖ നീക്കം ചെയ്യാനും പേര് പറയാനും അജ്ഞാതന്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു മുസ്ലീം യുവതിയുമായി എങ്ങനെയാണ് ബന്ധം സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവിനെയും അജ്ഞാതന്‍ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

Read Also: പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു
അധിക്ഷേപവും ചോദ്യം ചെയ്യലും നിര്‍ത്താന്‍ പെണ്‍കുട്ടി അപേക്ഷിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ പിന്നാലെ വരുന്നുണ്ടെന്നായിരുന്നു മറുപടി. ‘സമുദായാംഗങ്ങള്‍ വരുന്നുണ്ട്, ഇവിടെ തുടരണം. പോകാന്‍ അനുവദിക്കില്ല’, എന്നാണ് അജ്ഞാതന്‍ യുവതിയോട് പറയുന്നത്. ബെംഗളൂരു പൊലീസ് കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് എക്‌സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവം നടന്ന സ്ഥലമോ സമയമോ വ്യക്തമല്ല. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രതികരിച്ചു.

ബെംഗളൂരു സുവര്‍ണ ലേഔട്ടില്‍ സമാനമായ സംഭവം ഏപ്രില്‍ 11 ന് നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം യുവതിയും ഹിന്ദു യുവാവും പാര്‍ക്കില്‍ ബൈക്കില്‍ ഇരിക്കവെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയടക്കം അഞ്ചുപേരെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് യുവതി ഹിന്ദു യുവാവിനൊപ്പം ഇരിക്കുന്നതെന്നും വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. നല്‍കാന്‍ വിസമ്മതിച്ചതോടെ സംഘം പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവിനെ ആക്രമിക്കാന്‍ തുനിഞ്ഞു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഘം തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഒടുവില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

Share
Leave a Comment