കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ. ഇതിനു പിന്നാലെ ദിവ്യക്ക് നേരെ വിമർശനങ്ങൾ ഉയരുന്നു. ‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം!. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്! ‘-എന്നിങ്ങനെയായിരുന്നു ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ. എന്നാലിത് യൂത്ത് കോണ്‍ഗ്രസിന് ഇഷ്ടപ്പെട്ടില്ല.
എകെജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി.
പോസ്റ്റിൻ്റെ പൂർണ്ണരൂപം
‘ശ്രീ. കെ.കെ രാഗേഷിനായി സർവീസ് ചട്ടങ്ങൾ മറന്ന് വാഴ്ത്ത് പാട്ട് പാടുന്ന ശ്രീമതി. ദിവ്യ മേഡം ഐ.എ.എസ്, കെ.കെ രാഗേഷിനെ കണ്ണൂർ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല
കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറിയാക്കിതിനാണീ കസർത്തെല്ലാം.
“പാടുക നിരന്തരം തരവും ശബ്ദമൊപ്പിച്ച്,
കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക”…
പിണറായിക്കാലത്ത് എ.കെ.ജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓർക്കണം.
ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ഇവർ. ഔദ്യോഗിക കൃത്യ നിർവ്വഹണ രംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാർ ലക്ഷ്യമിടുന്നത് എന്താണ്…?
ഭരണചക്രം തിരിയുമ്പോൾ തരം പോലെ കളം മാറ്റി ചവിട്ടാമെന്നാണോ ധരിച്ചിരിക്കുന്നത്. അപ്പോൾ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നത്….
അത്യന്തം ഗൗരവമുള്ള പദവികളിൽ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങൾ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്.
ദിവ്യ എസ് അയ്യരുടെ സർക്കാർ സ്തുതികളിൽ മുമ്പും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്പും ഇവർ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളുടേതാണെങ്കിലും സർക്കാരുകൾ തുടർച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോൺഗ്രസ് ബോധപൂർവ്വം മൗനം പാലിച്ചിട്ടുണ്ട്. വികസന പ്രവർത്തികളുടെ നാൾ വഴികൾ പോലും പഠിക്കാതെ യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങൾ വേണ്ടിയുള്ള ആശ്ലേഷങ്ങൾ ഇവർ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
Leave a Comment