എറണാകുളം: എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേർക്കാണ് പരിക്കേറ്റത്.
ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സമീപത്തുനിന്നും 10 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിശേഷമാണ് പെൺകുട്ടിയെ പുറത്തെടുത്തത്. ബസിൽ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. ഫയർഫോഴ്‌സടക്കമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസ് റോഡരികിലെ ക്രാഷ് ബാരിയറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.
Leave a Comment