ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ അമേരിക്കന്‍ സര്‍ക്കാരിന്റെ നടപടി നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്‌ഫോടനങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാരുകള്‍ക്ക് തഹാവൂര്‍ റാണയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഇന്ത്യൻ മണ്ണിനോടും ജനങ്ങളോടും മോശമായി പെരുമാറിയ എല്ലാവരെയും രാജ്യത്തിന്റെ നിയമത്തിനു കീഴില്‍ തിരികെ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തഹാവൂര്‍ റാണയുടെ തിരിച്ചുവരവ് മോദി സര്‍ക്കാരിന്റെ നയതന്ത്രത്തിന്റെ വലിയ വിജയമാണ്. കാരണം സ്ഫോടനങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാരുകള്‍ക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല” -അമിത് ഷാ എക്‌സില്‍ കുറിച്ചു.
പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്.
ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദര്‍ശിക്കാന്‍ ഹെഡ്ലിക്ക് വീസ സംഘടിപ്പിച്ചു നല്‍കിയതു റാണയുടെ സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെത്തിക്കുന്ന റാണയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യും.
Leave a Comment