തെക്കൻ കേരളത്തിൽ വേനൽ മഴ ശക്തം : രണ്ടു ദിവസം കൂടി മഴ തുടരും

ഇടുക്കി നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു

ഇടുക്കി : തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ ശക്തമായി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നലെ ഉച്ച മുതല്‍ മഴ തിമര്‍ത്ത് പെയ്തത്. കനത്ത മഴയിൽ ഇടുക്കിയില്‍ കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പത്തനംതിട്ടയില്‍ ഇടിമിന്നലേറ്റ് ഏഴ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. വിവിധയിടങ്ങളില്‍ വെള്ളം കയറി നാശം സംഭവിച്ചു.

ഇടുക്കി അയ്യപ്പന്‍ കോവിലിലാണ് വേനല്‍ മഴയില്‍ കല്ല് ഉരുണ്ട് ദേഹത്ത് വീണ് തൊഴിലാളി മരിച്ചത്. തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് വീഴുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. മൂന്ന് മണിയോടെയായിരുന്നു അപകടം.

പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിന് സമീപത്തെ കനറാ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. അഗ്നിശമന സേനാംഗങ്ങളെത്തി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കളഞ്ഞു.

വേനല്‍ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, നാളെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ തമിഴ് നാടിന് മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും, അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് രാത്രി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത ഉണ്ട്.

Share
Leave a Comment